Wednesday, April 11, 2007

ഈ ദൈവങ്ങളെ ആരു തളയ്‌ക്കും?


ചില തോല്‍വികള്‍ അങ്ങിനെയാണ്‌, അതിന്റെ അലയടികള്‍ പെട്ടെന്ന്‌ അവസാനിക്കില്ല. നെപ്പോളിയന്‌ വാട്ടര്‍ലൂ പോലെ, ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‌ മാരക്കാന പോലെ അവ പരാജിതരെ ദീര്‍ഘകാലം വേട്ടയാടിക്കൊണ്ടിരിക്കും. അതിന്റെ സ്‌മൃതികള്‍ മായ്‌ച്ചു കളയുക എളുപ്പമല്ല. ഇന്ത്യന്‍ ടീം, പ്രത്യേകിച്ചും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകകപ്പിലെ തോല്‍വികൊണ്ട്‌ അനുഭവിക്കുന്നത്‌ സമാനമായ അവസ്ഥയാണ്‌. സച്ചിന്റെ കരിയറില്‍ ഇത്ര വലിയ പ്രതിസന്ധി മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഏത്‌ വെല്ലുവിളിക്കും ബാറ്റ്‌ കൊണ്ട്‌ മറുപടി നല്‍കുകയായിരുന്നു, സച്ചിന്റെ പതിവ്‌. അങ്ങനെയുള്ള സച്ചിനെയാണ്‌ നമ്മള്‍ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചിരുന്നത്‌. പക്ഷെ, ഇപ്പോള്‍ ബാറ്റിന്‌ പകരം നാവുകൊണ്ട്‌ മറുപടി നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കുന്നു. ബാറ്റിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നത്‌ തന്നെയല്ലേ അതിന്‌ കാരണം? തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച്‌ അവസാനിക്കാത്ത വിവാദങ്ങളാണ്‌ അരങ്ങേറുന്നത്‌. ദയനീയമായ തോല്‍വിക്ക്‌ കാരണം എന്തെന്ന്‌ അന്വേഷിക്കുന്നതിന്‌ പകരം പരസ്‌പരം ആരോപണങ്ങള്‍ ഉയര്‍ത്താനാണ്‌ സീനിയര്‍ കളിക്കാര്‍ തുനിഞ്ഞത്‌. കോച്ച്‌ ചാപ്പലിന്റെ റിപ്പോര്‍ട്ടില്‍ സീനിയര്‍ കളിക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ടെന്ന്‌ ആദ്യം വാര്‍ത്ത വന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ചാപ്പല്‍ ഏവിടേയും, ഒരു മീഡിയയോടും ഇങ്ങനെ നേരിട്ട്‌ പറഞ്ഞതായി റിപ്പോര്‍ട്ടില്ല. കോച്ചിന്റെ റിപ്പോര്‍ട്ടില്‍ അങ്ങനെയൊക്കെയുണ്ടെന്ന്‌ ഒരു ഇംഗ്ലീഷ്‌ ചാനലിന്റെ കണ്ടെത്തല്‍ മാത്രമായിരുന്നു. പക്ഷെ സച്ചിനോ? കോച്ചിനെതിരായ പ്രസ്‌താവനയുമായി പരസ്യമായി രംഗത്തെത്തി. കളിക്കാര്‍ ടീമിനുള്ളിലെ കാര്യങ്ങളെക്കുറിച്ച്‌ പരസ്യ പ്രസ്‌താവനയിറക്കരുതെന്ന്‌ ബി സി സി ഐ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇത്‌ ലംഘിക്കുകയായിരുന്നു, സച്ചിന്‍. ആ കളിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ ഓര്‍ത്ത്‌ കൊണ്ട്‌ തന്നെ പറയട്ടെ, ഗെയിമിന്റെ മാന്യതക്ക്‌ ചേരാത്ത നടപടിയായി ഇത്‌. സച്ചിന്റെ പ്രസ്‌താവന വന്ന്‌ അധികം കഴിയും മുമ്പ്‌ ഗ്രെഗ്‌ ചാപ്പല്‍ കോച്ചിന്റെ സ്ഥാനം രാജിവെക്കുകയും ചെയ്‌തു. കളിയില്‍ തോല്‍വി, ജയം പോലെ സ്വാഭാവികമാണ്‌. തോറ്റ ടീമിന്റെ ആരാധകര്‍ക്ക്‌ അത്‌ സഹിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. പക്ഷെ, രാജ്യത്തിന്റേയും കളിയുടേയും അംബാസിഡര്‍മാരായ താരങ്ങള്‍ മാന്യതക്ക്‌ നിരക്കാത്ത രീതിയില്‍ സ്വന്തം കോച്ചിനെതിരെ പ്രസ്‌താവന ഇറക്കാന്‍ പാടില്ല. സത്യത്തില്‍ സച്ചിന്‌ സംഭവിച്ച വലിയ പരാജയം ഇവിടെയാണ്‌, കളിക്കളത്തിലല്ല. മറിച്ച്‌ രാഹുല്‍ ദ്രാവിഡോ? ഇന്ത്യ ലോകകപ്പില്‍ നിന്ന്‌ പുറത്തായ ഉടന്‍ രാഹുലിന്റെ പ്രസ്‌താവന വന്നു-`തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഞാനേറ്റെടുക്കുന്നു.` സീനിയര്‍ താരങ്ങല്‍ മുഴുവന്‍ അധികാരത്തിന്റെ ഇടനാഴിയില്‍ കരുക്കള്‍ നീക്കുമ്പോള്‍ രാഹുല്‍ കുടുംബത്തിനൊപ്പം കേരളത്തില്‍ വന്നു-ലോകകപ്പിലെ തിരിച്ചടികള്‍ ഏല്‍പ്പിച്ച്‌ ആഘാതത്തില്‍ നിന്ന്‌ മുക്തനാവാന്‍ ഒരു വിശ്രമം. മറ്റു തീരുമാനങ്ങല്‍ എല്ലാം രാഹുല്‍ സെലക്‌റ്റര്‍മാര്‍ക്കും ബോര്‍ഡധികൃതര്‍ക്കും വിട്ടു. അധികാരത്തിന്റെ ചക്കളത്തിപോരാട്ടത്തിനിടയ്‌ക്ക്‌ അങ്ങനെ മാന്യത കാട്ടാനും വേണ്ടേ ഒരാള്‍? ശ്രദ്ധേയമായ മറ്റൊരു കാര്യം ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുത്ത ഉടന്‍ അന്നത്തെ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയുമായി ഇടയുകയും സൗരവ്‌ ടിമില്‍ നിന്ന്‌ തന്നെ പുറത്ത്‌ പോവാന്‍ ഇടയാവുകയും ചെയ്‌തിരുന്നു. ദീര്‍ഘകാലം ടീമിനകത്ത്‌ മികച്ച പിന്തുണയുള്ള ക്യാപ്‌റ്റനായിരിക്കെ തന്നെ അന്ന്‌ ആ പ്രതിസന്ധി ഘട്ടത്തില്‍ ഗാംഗുലിക്ക്‌ കാര്യമായ പിന്തുണ കിട്ടിയില്ല. പക്ഷെ ഇപ്പോള്‍ ചാപ്പലിന്റെ വിമര്‍ശനത്തിന്‌ വിധേയനായ സച്ചിന്‍ കൂടുതല്‍ കരുത്തനാണ്‌. ടീമിനകത്തും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനുള്ളിലും മികച്ച പിന്തുണയുള്ള സൂപ്പര്‍ താരം. ഒപ്പം കോച്ചിന്റെ അനിഷിടത്തിന്‌ പാത്രമായ 'സീനിയര്‍ സിന്‍ഡിക്കേറ്റിന്റെ' പിന്തുണയുമുണ്ട്‌. സൗരവ്‌ നേരത്തെ തന്നെ സച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാവര്‍ക്കും ഇത്‌ നിലനില്‍പ്പിന്റെ പോരാട്ടമാണ്‌. അതുകൊണ്ട്‌ തന്നെ കിട്ടാവുന്ന ആയുധങ്ങള്‍ മുഴുവന്‍ കൈയ്യിലെടുത്ത്‌ അവര്‍ പോരാടും. സച്ചിനെ ക്യാപ്‌റ്റനാക്കാന്‍ ടീമിനകത്തും പുറത്തും ഇപ്പോഴും ശക്തമായ ലോബീയിങ്ങ്‌ നടക്കുന്നു. ആ സമ്മര്‍ധങ്ങള്‍ക്ക്‌ വഴങ്ങി, ബോര്‍ഡ്‌ ഭാവിയില്‍ അങ്ങിനെ ചെയ്‌താല്‍ തികച്ചും തെറ്റായ ഒരു സന്ദേശമാവും നല്‍കുന്നത്‌. പരസ്യ പ്രസ്‌താവന പാടില്ലെന്ന നിര്‍ദേശം പ്രകടമായ രീതിയില്‍ തന്നെ ലംഘിച്ച ഒരു കളിക്കാന്‌ തന്നെ ക്യാപ്‌റ്റന്‍ പദവി നല്‍കുന്നത്‌ അച്ചടക്ക ലംഘനത്തിന്‌ മറ്റു കളിക്കാരെ കൂടി പ്രോല്‍സാഹിപ്പിക്കലാവില്ലേ? സച്ചിന്റെ ശബ്ദം ടീമിന്റെ മൊത്തമാണെന്ന നിലയില്‍ യുവരാജ്‌ സിങ്ങും രംഗത്തെത്തി. ഒപ്പം മറ്റൊരു കാര്യം കൂടി 'യുവരാജാവ്‌ ' പറയുന്നു- `എന്ത്‌ ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും ഏറ്റെടുക്കാം` സച്ചിനല്ലെങ്കില്‍ താനായാലും മതിയെന്നല്ലേ മനസ്സിലിരുപ്പ്‌ ? ഒന്നുറപ്പ്‌, ടീമിന്റ ഘടനയും തന്ത്രങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കളിക്കാര്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന്‌ ബി സി സി ഐ വ്യക്തമായ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ നടത്തുന്ന കളിക്കാര്‍ക്കെതിരെ, അവര്‍ എത്ര വലിയവരായാലും, 'ദൈവ'മായാലും കടുത്ത നടപടി തന്നെ വേണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനിയും വലിയ നാണക്കേടുകള്‍ സംഭവിച്ചുകൊണ്ടിരിക്കും.

2 comments:

santhosh balakrishnan said...

അടുത്ത ബംഗ്ലാദേശ് പര്യടനത്തില്‍ ബംഗ്ലാദേശ് ദൈവം തളക്കും എന്നാണ് ഇപ്പോഴത്തെ അവസ്ഥ കണ്ട് തോന്നുന്നത്..

കിരണ്‍ തോമസ് said...

ആള്‍ദൈവ വല്‍ക്കരണമാണ്‌ ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ശാപം. മാധ്യമങ്ങള്‍ ഒരു കളിക്കാരനേ എഴുതി താരമാക്കുന്നു പിന്നെ അയാള്‍ ആള്‍ദൈവമാകുന്നു. അതാണ്‌ സച്ചിന്‌ സംഭവിച്ചത്‌. ചാപ്പല്‍ രാജി വച്ച വാര്‍ത്തയുടെ തലക്കെട്ടായി മനോരമ നല്‍കിയത്‌ ഇങ്ങനെ

ദൈവം കോപിച്ചു. ചാപ്പല്‍ ചാരമായി.

വളരെ അര്‍ത്ഥവത്തായ തലക്കെട്ട്‌.

ഇനി നമുക്ക്‌ ശ്രീശാന്തിലേക്ക്‌ വരാം. എന്തായിരുന്നു ലോകകപ്പിന്‌ മുന്‍പ്‌ നമ്മുടെ പത്രക്കാര്‍ എഴുതി നിറച്ചത്‌. വെണ്ണകട്ട ഉണ്ണീ എന്നൊക്കെപ്പറഞ്ഞ്‌ വാരന്തപ്പതിപ്പുകളില്‍ എന്തൊക്കെയാണ്‌ എഴുതിപ്പിടിപ്പിച്ചത്‌. ഭാഗ്യത്തിന്‌ ശ്രീശാന്തിന്‌ കളിക്കാന്‍പ്പറ്റിയില്ല ഇല്ലായിരുന്നെങ്കില്‍ എഴുതിയവരെല്ലാം തിരിച്ചെഴുതിയേണേ. എഴുതി എഴുതി സാനിയ മിര്‍സയേ ഇപ്പോള്‍ കാണാനില്ലാതെയായി.