Friday, April 27, 2007

എന്തതിശയം! മെഗ്രാ...


ക്രിക്കറ്റില്‍ ഇത്‌ ബാറ്റ്‌സ്‌മാന്‍മാരുടെ യുഗമാണ്‌. ഏകദിന ക്രിക്കറ്റ്‌ പ്രത്യേകിച്ചും ബാറ്റ്‌സ്‌മാന്‍മാരുടെ കളിയാണ്‌. പക്ഷെ ഈ ലോകകപ്പിന്റെ താരമായി അവരോധിക്കാന്‍ നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരേയൊരു ക്രിക്കറ്ററേയുള്ളൂ-ഗ്ലെന്‍ മെഗ്രാത്ത്‌. മെഗ്രാത്തിനാണ്‌ എന്റെ ആദ്യ പത്ത്‌ വോട്ടുകളും. എന്ത്‌കൊണ്ട്‌ മെഗ്രാത്ത്‌ , എന്നാണെങ്കില്‍ അതിന്‌ ഒരു പത്ത്‌ കാരണങ്ങളെങ്കിലും ഉണ്ട്‌. മാടപ്രാവെന്നാണ്‌ മെഗ്രാത്തിന്റെ വിളിപ്പേര്‌. ഒരു ഫാസ്റ്റ്‌ബൗളര്‍ക്ക്‌ ഒട്ടും യോജിക്കാത്ത പേര്‌. കഴുകനെന്നോ, പുലിയെന്നോ, കാളയെന്നോ എല്ലാമാണ്‌ ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്ക്‌ യോജിക്കുക. പക്ഷെ മഗ്രാത്തിന്റെ കാര്യത്തില്‍ അതങ്ങിനെയല്ല. പ്രാവെന്ന വിളിപ്പേരില്‍ നിന്നു തന്നെ മറ്റു ഫാസ്റ്റ്‌ ബൗളര്‍മാരില്‍ നിന്ന്‌ മഗ്രായെ വ്യത്യസ്‌തനാക്കുന്ന ചില ഘടകങ്ങളുണ്ട്‌. കളിക്കളത്തില്‍ അക്തറിന്റേയും ലീയുടേയും ഷെയ്‌ന്‍ ബോണ്ടിന്റേയും മുഖ്യഭാവം വന്യതയാണ്‌. പക്ഷെ മഗ്രാത്തിനെ ക്കുറിച്ച്‌ ആര്‍ക്കും അങ്ങിനെ തോന്നാറില്ല. റണ്ണപ്പിലും ബൗളിങ്‌ ആക്ഷനിലും എല്ലാം സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു. ബാറ്റ്‌സ്‌മാന്‍ പോലും അതില്‍ അഭിരമിച്ചുപോവുന്നു. ഒട്ടും വേദനിപ്പിക്കാതെ തന്നെ അയാളുടെ വിക്കറ്റെടുക്കുന്നു. ചിരിക്കുന്ന, സൗമ്യനായ കൊലയാളിയാണയാള്‍. ഒരു ഫാസ്റ്റ്‌ ബൗളര്‍ എന്ന നിലയില്‍ തികച്ചും അവിശ്വസനീയമാണ്‌ മെഗ്രായുടെ റെക്കോഡ്‌. ടെസ്‌റ്റും ഏകദിന മല്‍സരങ്ങളും മാറി മാറി നിരന്തരം കളിക്കേണ്ടി വരുന്ന പുതുയുഗ ക്രിക്കറ്റില്‍ ശരാശരി പത്തു വര്‍ഷത്തില്‍ താഴെയാണ്‌ ഒരു ഫാസ്റ്റ്‌ ബൗളറുടെ കരിയറിന്റെ ശരാശരി ദൈര്‍ഘ്യം. ഷെയിന്‍ ബോണ്ടും അക്തറും ഇന്ത്യയില്‍ ലക്ഷ്‌മീപതി ബാലാജിയും ആശിഷ്‌ നെഹ്‌റയുമെല്ലാം പരിക്കുകളോട്‌ മല്ലടിച്ച്‌ കായിയക്ഷമതയില്ലാതെ കരിയര്‍ പെട്ടെന്ന്‌ എരിച്ചുതീര്‍ക്കുന്നു. ക്രിക്കറ്റില്‍ ഏറ്റവുമധികം കരുത്തും കായികക്ഷമതയും ആവശ്യമായ കര്‍മ്മമാണ്‌ ഫാസ്റ്റ്‌ബൗളിങ്ങെന്നത്‌ തന്നെ അതിന്‌ കാരണം. അപ്പോള്‍, നീണ്ട 14 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുകയും കളിക്കുന്ന ഓരോ മാച്ചിലും ടീമിന്‌ നൂറ്‌ ശതമാനം മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന ഫാസ്റ്റ്‌ ബൗളറെക്കുറിച്ച്‌ നമ്മള്‍ എന്ത്‌ പറയും? 37 വയസ്സായി മെഗ്രായ്‌ക്ക്‌. ഈ ലോകകപ്പിനുള്ള ഓസ്‌്‌ട്രേലിയന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ ആശങ്കകളുണ്ടായിരുന്നു. 'വയസ്സന്‍ മെഗ്രാ' ടീമിന്‌ ഭാരമാവുമെന്ന്‌ പ്രവചിച്ചവരില്‍ ലോകപ്രസിദ്ധരായ ക്രിക്കറ്റ്‌ നിരൂപകരും മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും ഉണ്ടായിരുന്നു. ഓര്‍ക്കണം, പ്രായമായെന്നതിന്റെ പേരില്‍ സ്റ്റീവ്‌ വോയെന്ന അതീവ പ്രതിഭാശാലിയായ ക്യാപ്‌റ്റന്റെ, ബാറ്റ്‌സ്‌മാന്റെ ഏകദിന കരിയര്‍ നിര്‍ബന്ധ പൂര്‍വ്വം അവസാനിപ്പിച്ച അതേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ 37കാരനായ ഈ ഫാസ്റ്റ്‌ ബൗളറെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. ആ സെലക്ഷനെ മെഗ്രാ ന്യായീകരിച്ചുവെന്നു മാത്രമല്ല, സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി അദ്ദേഹത്തെ തഴഞ്ഞിരുന്നെങ്കില്‍ എന്ത്‌ നഷ്ടമാവുമായിരുന്നുവെന്ന്‌ ഓസ്‌ട്രേലിയക്കാരെക്കൊണ്ട്‌ ചിന്തിപ്പിക്കുകയും ചെയ്‌തു.ലോകകപ്പോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന്‌ മെഗ്രാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവികമായും ക്രിക്കറ്ററെന്ന നിലയില്‍ തന്റെ അവസാന ദൗത്യം വിജയകരമാക്കി തീര്‍ക്കുക എന്നൊരു വെല്ലുവിളി, സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ഭംഗിയായാണ്‌്‌ ആ ചുമതലയും അദ്ദേഹം നിര്‍വ്വഹിച്ചത! മഹാനായ കളിക്കാരനെ വലിയ കളിക്കാരുടെ കൂട്ടത്തില്‍ നിന്ന്‌ ഉയര്‍ത്തി നിര്‍ത്തുന്നത്‌ ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ തന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കാനുള്ള ശേഷി തന്നെയാണ്‌. ലോകകപ്പിനെ തന്റെ അവസാന ടൂര്‍ണമെന്റായി തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിക്കുകയും അതില്‍ പ്രതീക്ഷക്കൊത്ത്‌ ഉയരുകയും ചെയ്‌ത എത്ര കളിക്കാരെ കായിക ചരിത്രത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ചികഞ്ഞെടുക്കാനാവും? മെഗ്രായേയും സിദാനേയും പോലെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം. സങ്കീര്‍ണമായ ഹൃദയ ശസ്‌ത്രക്രിയകള്‍ നിരന്തരം നടത്തുകയും അതില്‍ 99.9 ശതമാനം വിജയം വരിക്കുകയും ചെയ്യുന്ന വിധഗ്‌ധനായ ഒരു സര്‍ജനോടാണ്‌ മെഗ്രായെ ഉപമിക്കേണ്ടത്‌. ഇംഗ്ലീഷില്‍ 'ക്ലിനിക്കല്‍ പെര്‍ഫക്ഷന്‍' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന രീതിയിലുള്ള കൃത്യതയും കണിശതയും അദ്ദേഹത്തിന്റെ ബൗളിങ്ങിനുണ്ട്‌. സച്ചിനും ലാറയും ഇന്‍സമാമും തീവ്രശോഭയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ്‌ മെഗ്രാ ബൗള്‍ ചെയ്‌തിരുന്നത്‌. പക്ഷെ ഇവര്‍ക്കാര്‍ക്കും മെഗ്രായുടെ ബൗളിങ്ങിനു മേല്‍ തുടര്‍ച്ചയായി ഒരു നിശ്ചിത കാലയളവില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സച്ചിനെതിരെ മെഗ്രാ പലപ്പോഴും ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയിരുന്ന തന്ത്രം രസകരമായിരുന്നു. ഓവറിലെ ആദ്യ പന്ത്‌ ഓഫ്‌ സ്റ്റംപിന്‌ പുറത്തൂടെ വ്യക്തമായ മാര്‍ജിനില്‍ സ്വിങ്‌ ചെയ്‌ത്‌ പോവും. അടുത്ത പന്ത്‌ കുറച്ച്‌ കൂടി സ്റ്റംപിനരികിലൂടെയാവും പുറത്തേക്ക്‌ പോവുക. അടുത്തത്‌ കുറച്ചുകൂടെ അടുക്കും. അങ്ങിനെ ബാറ്റ്‌സ്‌മാന്‍ അറിയാതെ നേരിയ വ്യത്യാസത്തില്‍ അടുത്തുവരുന്ന പന്ത്‌ ഒടുവില്‍ ബാറ്റിനരികില്‍ ഉരസ്സും. ഇങ്ങനെ എഡ്‌്‌ജ്‌ കണ്ടെത്താനുള്ള മിടുക്ക്‌ മെഗ്രായുടെ സ്വന്തമാണ്‌. മെഗ്രാ മടങ്ങുമ്പോള്‍ ഫാസ്റ്റ്‌ ബൗളിങ്ങ്‌ എന്ന കലയ്‌ക്ക്‌ നഷ്ടമാവുന്നത്‌ ഏറ്റവും ശ്രേഷ്‌ഠനായ പ്രയോക്താവിനേയും പ്രചാരകനേയുമാണ്‌.

No comments: