
ക്രിക്കറ്റര്‍മാരുടെ പ്രായത്തെക്കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂട് പിടിച്ച ചര്‍ച്ച. ഈ ലോകകപ്പില്‍ നമ്മുടെ ടീം ദയനീയമായി പരാജയപ്പെടാന്‍ കളിക്കാരുടെ പ്രായക്കൂടുതല്‍ ഒരു ഘടകമായിരുന്നുവത്രെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ പ്രായക്കൂടുതല്‍ കാരണം ഗ്രൗണ്ടില്‍ മുടന്തിയും ഞെരങ്ങിയും നീങ്ങിയതിനെക്കുറിച്ച് എസ് എം എസ്സുകളും ഇ-മെയിലുകളും പ്രചരിക്കുന്നു. അപ്പോഴും ലോകകപ്പില്‍ നമ്മള്‍ രണ്ട് 'വൃദ്ധന്‍മാരുടെ' കളികള്‍ കണ്ട് അമ്പരന്നു പോവുന്നു. സനത് ജയസൂര്യയുടേയും ബ്രയാന്‍ ലാറയുടേയും. രണ്ടു പേരും മേല്‍ പറഞ്ഞ ഇന്ത്യന്‍ കളിക്കാരേക്കാള്‍ മുതിര്‍ന്നവരാണ്, നമ്മുടെ സച്ചിനേക്കാള്‍ മൂന്നു വയസ്സ് മുതിര്‍ന്നവര്‍. പക്ഷെ ഒരിക്കലും ടീമിന് ഭാരമായി എന്ന് അവര്‍ തോന്നിച്ചിട്ടില്ല. മാത്രമല്ല, ഈ ലോകകപ്പിലും ടീമിന്റെ ഭാഗദേയങ്ങള്‍ അവരെ ആശ്രയിച്ച് നില്‍ക്കുന്നു. പ്രത്യേകിച്ചും ജയസൂര്യ- തികച്ചും ആധികാരികമായ പ്രകടനങ്ങളാണ് ഓരോ മാച്ചിലും ജയയില്‍ നിന്നുണ്ടാവുന്നത്.ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയും പാകിസ്‌താനും പുറത്തായി. ബംഗ്ലാദേശും വെസ്‌റ്റിന്‍ഡീസും പുറത്തേക്കുള്ള പാതയിലാണ്. കളി പുരോഗമിക്കും തോറും ഇത് വെള്ളക്കാരുടെ മാത്രം ലോകകപ്പാണെന്ന് തോന്നിക്കുന്നു. വെള്ളക്കാര്‍ തുടങ്ങിവെച്ച കളിയില്‍ അവരുടെ പ്രതാപം തകര്‍ത്ത് രംഗത്തെത്തിയവരാണ് കരീബിയന്‍ പടയാളികള്‍. പിന്നീട് ഏഷ്യക്കാര്‍, പാകിസ്‌താനും ഇന്ത്യയും ക്രിക്കറ്റില്‍ തങ്ങളുടേതായ വഴി വെട്ടി ലോക ജേതാക്കളായി. ശ്രീലങ്കക്ക് കൂടി അതിന് കഴിഞ്ഞതോടെ ക്രിക്കറ്റ് ഒരു സൗത്ത് ഏഷ്യന്‍ ഗെയിമായി മാറിയെന്നു വരെ വിധിയെഴുതിയതാണ്. പക്ഷെ, ഫുട്‌ബോളിലേയും ബാസ്‌ക്കറ്റ്‌ബോളിലേയും പോലെ പ്രൊഫഷണലിസം സ്ഥാപിച്ച് വെള്ളക്കാരന്‍ ക്രിക്കറ്റിലും ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും(ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക വെളുത്തവന്റെ ടീമാണെന്നതില്‍ തര്‍ക്കമില്ലല്ലോ?) ആണ് മുന്നില്‍ നടന്നത്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും പിറകേയും. അവരുടെ രീതികള്‍ വിജയം കണ്ട് തുടങ്ങിയതോടെ മറ്റ് ടീമുകളും ആ വഴിക്ക് നടന്നു. ഇന്ത്യയും പാകിസ്ഥാനും സ്വന്തമായി വെട്ടിയുണ്ടാക്കിയ വഴി ഉപേക്ഷിച്ചു. വെള്ളക്കാരന്റെ പ്രൊഫഷണലിസം അതേപടി സ്വീകരിച്ചു. ഓസ്‌ട്രേലിയയിലേയും ദക്ഷിണാഫ്രിക്കയിലേയും കളിക്കാരുടെ ശാരീരിക ക്ഷമതയോ, മനോഭാവമോ അല്ല നമ്മള്‍ക്ക്. അപ്പോള്‍ നമ്മുടെ ശൈലിയും വ്യത്യസ്‌തമാവണ്ടേ? വിദേശ കോച്ചിനെ കൊണ്ട് വന്ന് ഓസ്‌ട്രേലിയക്കാരുടെ കളി പകര്‍ത്താന്‍ ശ്രമിച്ചത് നന്നായിരുന്നോ? ഇന്ത്യക്കും പാകിസ്‌താനും പുനര്‍ വിചിന്തനത്തിന്റെ വേളയാണിത്.മറിച്ച് ശ്രീലങ്ക തങ്ങളുടേതായ ശൈലിയും രീതിയും നില നിര്‍ത്തിക്കൊണ്ട് തന്നെ പ്രൊഫഷണലിസത്തെ ഉള്‍ക്കൊള്ളുകയായിരുന്നു. 1996 ലോകകപ്പ് ജയിക്കാന്‍ അവര്‍ രൂപപ്പെടുത്തിയെടുത്ത തന്ത്രങ്ങളിലും ശൈലിയിലും ഊന്നിയാണ് ഈ ലോകകപ്പിലും ശ്രീലങ്കന്‍ ടീം കളിക്കുന്നത്. അന്നത്തെ ടീമില്‍ ഓരോ കടമകളും നിര്‍വഹിച്ചിരുന്ന കളിക്കാര്‍ക്ക് ശരിയായ പകരക്കാരെ കണ്ടെത്തിയിരിക്കുന്നു. ജയസൂര്യയും മുരളീധരനും വാസും അന്നും ഇന്നും ടീമിലുണ്ട്. മുരളിക്കുും വാസിനും മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്. പക്ഷെ ജയസൂര്യക്ക് അന്നത്തേതില്‍ നിന്ന് അല്‍പ്പം പോലും മങ്ങലേറ്റിറ്റില്ലെന്ന് തോന്നിപ്പോവുന്നു. ഷോട്ടുകള്‍ കളിക്കുന്ന രീതിയും അതില്‍ ആവാഹിക്കുന്ന കരുത്തും മാറ്റമില്ലാതെ തൂടരുന്നു. കഷ്ടി, ഒരു വര്‍ഷം മുമ്പ് ഫോമിലല്ലെന്ന കാരണത്താല്‍ ടീമില്‍ നിന്ന് ജയസൂര്യയെ സെലക്‌റ്റര്‍മാര്‍ പുറത്താക്കിയിരുന്നു. പക്ഷെ ചെറിയൊരിടവേളക്ക് ശേഷം കൂടുതല്‍ കരുത്തോടെ തിരിച്ചെത്തി. തിരിച്ചുവരവിന് ശേഷം ജയ നേടുന്ന ആറാമത്തെ സ്വഞ്ചറിയാണ്, കഴിഞ്ഞ ദിവസം വെസ്‌റ്റിന്‍ഡീസിനെതിരായ മാച്ചില്‍ കണ്ടത്. ഇതിനേക്കാള്‍ മികച്ചൊരു തിരിച്ചുവരവ് ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ടോ, സംശയമാണ്. ബ്രയാന്‍ ചാള്‍സ് ലാറയവട്ടെ ഇന്നും ലോകത്തെ ഓര്‍മിപ്പിച്ച്‌കൊണ്ടേയിരിക്കുന്നു; ബാറ്റിങ്ങ് ഒരു സുകുമാരകലയാണ്. പക്ഷെ അയാള്‍ ഇവിടെ ഏകനാണ്. മരംവെട്ട് പോലെ, പേശികളുടെ മിടുക്കു കൊണ്ട് നിര്‍വ്വഹിക്കേണ്ട ഒരു ജോലിയായി ബാറ്റിങ്ങിനെ കാണുന്നവരാണ്, അദ്ദേഹത്തിന്റെ കൂട്ടുകാര്‍ മിക്കവരും. ലാറക്ക് ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറെയുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്, തന്റെ ടീമിനെ ഒറ്റയ്‌ക്ക് തലയിലേറ്റണം, ടീമിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും തലപൊക്കിയേക്കാവുന്ന അസ്വാരസ്യങ്ങള്‍ അടക്കി നിര്‍ത്തണം... ഇന്ന് ലോകക്രിക്കറ്റില്‍ ഒരൊറ്റ കളിക്കാരനെ ആശ്രയിച്ച് ഒരു ടീം നിലനില്‍ക്കുന്നുവെങ്കില്‍ അത് ലാറയും വിന്‍ഡീസുമാണ്. തന്റെ നല്ല കാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വഹിക്കേണ്ടി വന്നതിനേക്കാള്‍ വലിയ ഭാരമാണ്, ഉത്തരവാദിത്വമാണ് കരീബിയന്‍ ക്രിക്കറ്റ് ലാറയുടെ തോളില്‍ വെച്ചുകൊടുത്തിരിക്കുന്നത്. പ്രായം നാല്‍പ്പതിനോടടുക്കുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ പല ക്രിക്കറ്റര്‍മാരും കമന്ററി ബോക്‌സിലുരുന്ന് നാക്കിട്ടടിക്കുമ്പോള്‍ ലാറ ഗ്രൗണ്ടിന് നടുക്ക് കര്‍മ്മനിരതനാണ്. എന്താണ് ലാറയുടെ കര്‍മ്മം? വെസ്‌റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ മാനം കാക്കുക എന്നതാണോ? അതല്ലെന്ന് പറയാനാവില്ല. പക്ഷെ ഈ ലോകകപ്പിലെ ഇതുവരെയുള്ള സംഭവ വികാസങ്ങല്‍ പരിഗണിക്കുമ്പോള്‍ ഒന്നു വ്യക്തമാവും - അത് ലാറയില്‍ നിക്ഷിപ്‌തമായ കര്‍മ്മങ്ങളില്‍ ഒന്ന് മാത്രം.പിന്നെ? മേല്‍ പറഞ്ഞ പോലെ ബാറ്റിങ്ങ് അതി സുന്ദരമായ ഒരു കലയാണെന്ന് ക്രിക്കറ്റിനെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ആരാധകര്‍ക്ക് വേണ്ടി മറ്റു ബാറ്റ്‌സ്‌മാന്‍മാരെ ഓര്‍മിപ്പിക്കുക. എങ്ങനെയും റണ്ണെടുക്കുക എന്നതല്ല ലാറയുടെ രീതി. ഓരോ റണ്ണിനും, സ്‌ട്രോക്കിനും സൗന്ദര്യം പകരുന്നു ലാറ. കളി ജയിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. അതിനു വേണ്ടിയാണ് ടീമിലെ ഓരോ കളിക്കാരനും അദ്വാനിക്കുന്നത്. പക്ഷെ ബാറ്റ്‌സ്‌മാന്‍മാര്‍ റണ്‍ മെഷിനുകള്‍ മാത്രമായി മാറുമ്പോള്‍ കളിയുടെ രസനീയത നഷ്ടമാവുന്നു. ഇവിടെയാണ് ലാറ വ്യത്യസ്‌തനാവുന്നത്. അന്യം നിന്നു പോവുന്ന സുകുമാര കലയുടെ വക്താവായി അയാള്‍ മാറുന്നു. സുന്ദരമായ കട്ടുകളും ആരെയും കൊതിപ്പിക്കുന്ന ഡ്രൈവുകളും കൊണ്ട് ലാറ കാണികളുടെ മനം കവര്‍ന്നുകൊണ്ടേയിരിക്കുന്നു. അത് പോലൊരു ഷോട്ട് കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്യു ഹൈഡനും ഹര്‍ഷലെ ഗിബ്‌സും പോലെ ഈ ലോകകപ്പിന്റെ രാജാക്കന്‍മാരായി മാറിക്കഴിഞ്ഞവരും കൊതിക്കുന്നുണ്ട്, തീര്‍ച്ച.
No comments:
Post a Comment