Friday, April 27, 2007

എന്തതിശയം! മെഗ്രാ...


ക്രിക്കറ്റില്‍ ഇത്‌ ബാറ്റ്‌സ്‌മാന്‍മാരുടെ യുഗമാണ്‌. ഏകദിന ക്രിക്കറ്റ്‌ പ്രത്യേകിച്ചും ബാറ്റ്‌സ്‌മാന്‍മാരുടെ കളിയാണ്‌. പക്ഷെ ഈ ലോകകപ്പിന്റെ താരമായി അവരോധിക്കാന്‍ നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരേയൊരു ക്രിക്കറ്ററേയുള്ളൂ-ഗ്ലെന്‍ മെഗ്രാത്ത്‌. മെഗ്രാത്തിനാണ്‌ എന്റെ ആദ്യ പത്ത്‌ വോട്ടുകളും. എന്ത്‌കൊണ്ട്‌ മെഗ്രാത്ത്‌ , എന്നാണെങ്കില്‍ അതിന്‌ ഒരു പത്ത്‌ കാരണങ്ങളെങ്കിലും ഉണ്ട്‌. മാടപ്രാവെന്നാണ്‌ മെഗ്രാത്തിന്റെ വിളിപ്പേര്‌. ഒരു ഫാസ്റ്റ്‌ബൗളര്‍ക്ക്‌ ഒട്ടും യോജിക്കാത്ത പേര്‌. കഴുകനെന്നോ, പുലിയെന്നോ, കാളയെന്നോ എല്ലാമാണ്‌ ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്ക്‌ യോജിക്കുക. പക്ഷെ മഗ്രാത്തിന്റെ കാര്യത്തില്‍ അതങ്ങിനെയല്ല. പ്രാവെന്ന വിളിപ്പേരില്‍ നിന്നു തന്നെ മറ്റു ഫാസ്റ്റ്‌ ബൗളര്‍മാരില്‍ നിന്ന്‌ മഗ്രായെ വ്യത്യസ്‌തനാക്കുന്ന ചില ഘടകങ്ങളുണ്ട്‌. കളിക്കളത്തില്‍ അക്തറിന്റേയും ലീയുടേയും ഷെയ്‌ന്‍ ബോണ്ടിന്റേയും മുഖ്യഭാവം വന്യതയാണ്‌. പക്ഷെ മഗ്രാത്തിനെ ക്കുറിച്ച്‌ ആര്‍ക്കും അങ്ങിനെ തോന്നാറില്ല. റണ്ണപ്പിലും ബൗളിങ്‌ ആക്ഷനിലും എല്ലാം സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു. ബാറ്റ്‌സ്‌മാന്‍ പോലും അതില്‍ അഭിരമിച്ചുപോവുന്നു. ഒട്ടും വേദനിപ്പിക്കാതെ തന്നെ അയാളുടെ വിക്കറ്റെടുക്കുന്നു. ചിരിക്കുന്ന, സൗമ്യനായ കൊലയാളിയാണയാള്‍. ഒരു ഫാസ്റ്റ്‌ ബൗളര്‍ എന്ന നിലയില്‍ തികച്ചും അവിശ്വസനീയമാണ്‌ മെഗ്രായുടെ റെക്കോഡ്‌. ടെസ്‌റ്റും ഏകദിന മല്‍സരങ്ങളും മാറി മാറി നിരന്തരം കളിക്കേണ്ടി വരുന്ന പുതുയുഗ ക്രിക്കറ്റില്‍ ശരാശരി പത്തു വര്‍ഷത്തില്‍ താഴെയാണ്‌ ഒരു ഫാസ്റ്റ്‌ ബൗളറുടെ കരിയറിന്റെ ശരാശരി ദൈര്‍ഘ്യം. ഷെയിന്‍ ബോണ്ടും അക്തറും ഇന്ത്യയില്‍ ലക്ഷ്‌മീപതി ബാലാജിയും ആശിഷ്‌ നെഹ്‌റയുമെല്ലാം പരിക്കുകളോട്‌ മല്ലടിച്ച്‌ കായിയക്ഷമതയില്ലാതെ കരിയര്‍ പെട്ടെന്ന്‌ എരിച്ചുതീര്‍ക്കുന്നു. ക്രിക്കറ്റില്‍ ഏറ്റവുമധികം കരുത്തും കായികക്ഷമതയും ആവശ്യമായ കര്‍മ്മമാണ്‌ ഫാസ്റ്റ്‌ബൗളിങ്ങെന്നത്‌ തന്നെ അതിന്‌ കാരണം. അപ്പോള്‍, നീണ്ട 14 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുകയും കളിക്കുന്ന ഓരോ മാച്ചിലും ടീമിന്‌ നൂറ്‌ ശതമാനം മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന ഫാസ്റ്റ്‌ ബൗളറെക്കുറിച്ച്‌ നമ്മള്‍ എന്ത്‌ പറയും? 37 വയസ്സായി മെഗ്രായ്‌ക്ക്‌. ഈ ലോകകപ്പിനുള്ള ഓസ്‌്‌ട്രേലിയന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ ആശങ്കകളുണ്ടായിരുന്നു. 'വയസ്സന്‍ മെഗ്രാ' ടീമിന്‌ ഭാരമാവുമെന്ന്‌ പ്രവചിച്ചവരില്‍ ലോകപ്രസിദ്ധരായ ക്രിക്കറ്റ്‌ നിരൂപകരും മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും ഉണ്ടായിരുന്നു. ഓര്‍ക്കണം, പ്രായമായെന്നതിന്റെ പേരില്‍ സ്റ്റീവ്‌ വോയെന്ന അതീവ പ്രതിഭാശാലിയായ ക്യാപ്‌റ്റന്റെ, ബാറ്റ്‌സ്‌മാന്റെ ഏകദിന കരിയര്‍ നിര്‍ബന്ധ പൂര്‍വ്വം അവസാനിപ്പിച്ച അതേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ 37കാരനായ ഈ ഫാസ്റ്റ്‌ ബൗളറെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. ആ സെലക്ഷനെ മെഗ്രാ ന്യായീകരിച്ചുവെന്നു മാത്രമല്ല, സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി അദ്ദേഹത്തെ തഴഞ്ഞിരുന്നെങ്കില്‍ എന്ത്‌ നഷ്ടമാവുമായിരുന്നുവെന്ന്‌ ഓസ്‌ട്രേലിയക്കാരെക്കൊണ്ട്‌ ചിന്തിപ്പിക്കുകയും ചെയ്‌തു.ലോകകപ്പോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന്‌ മെഗ്രാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവികമായും ക്രിക്കറ്ററെന്ന നിലയില്‍ തന്റെ അവസാന ദൗത്യം വിജയകരമാക്കി തീര്‍ക്കുക എന്നൊരു വെല്ലുവിളി, സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ഭംഗിയായാണ്‌്‌ ആ ചുമതലയും അദ്ദേഹം നിര്‍വ്വഹിച്ചത! മഹാനായ കളിക്കാരനെ വലിയ കളിക്കാരുടെ കൂട്ടത്തില്‍ നിന്ന്‌ ഉയര്‍ത്തി നിര്‍ത്തുന്നത്‌ ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ തന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കാനുള്ള ശേഷി തന്നെയാണ്‌. ലോകകപ്പിനെ തന്റെ അവസാന ടൂര്‍ണമെന്റായി തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിക്കുകയും അതില്‍ പ്രതീക്ഷക്കൊത്ത്‌ ഉയരുകയും ചെയ്‌ത എത്ര കളിക്കാരെ കായിക ചരിത്രത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ചികഞ്ഞെടുക്കാനാവും? മെഗ്രായേയും സിദാനേയും പോലെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം. സങ്കീര്‍ണമായ ഹൃദയ ശസ്‌ത്രക്രിയകള്‍ നിരന്തരം നടത്തുകയും അതില്‍ 99.9 ശതമാനം വിജയം വരിക്കുകയും ചെയ്യുന്ന വിധഗ്‌ധനായ ഒരു സര്‍ജനോടാണ്‌ മെഗ്രായെ ഉപമിക്കേണ്ടത്‌. ഇംഗ്ലീഷില്‍ 'ക്ലിനിക്കല്‍ പെര്‍ഫക്ഷന്‍' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന രീതിയിലുള്ള കൃത്യതയും കണിശതയും അദ്ദേഹത്തിന്റെ ബൗളിങ്ങിനുണ്ട്‌. സച്ചിനും ലാറയും ഇന്‍സമാമും തീവ്രശോഭയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ്‌ മെഗ്രാ ബൗള്‍ ചെയ്‌തിരുന്നത്‌. പക്ഷെ ഇവര്‍ക്കാര്‍ക്കും മെഗ്രായുടെ ബൗളിങ്ങിനു മേല്‍ തുടര്‍ച്ചയായി ഒരു നിശ്ചിത കാലയളവില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സച്ചിനെതിരെ മെഗ്രാ പലപ്പോഴും ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയിരുന്ന തന്ത്രം രസകരമായിരുന്നു. ഓവറിലെ ആദ്യ പന്ത്‌ ഓഫ്‌ സ്റ്റംപിന്‌ പുറത്തൂടെ വ്യക്തമായ മാര്‍ജിനില്‍ സ്വിങ്‌ ചെയ്‌ത്‌ പോവും. അടുത്ത പന്ത്‌ കുറച്ച്‌ കൂടി സ്റ്റംപിനരികിലൂടെയാവും പുറത്തേക്ക്‌ പോവുക. അടുത്തത്‌ കുറച്ചുകൂടെ അടുക്കും. അങ്ങിനെ ബാറ്റ്‌സ്‌മാന്‍ അറിയാതെ നേരിയ വ്യത്യാസത്തില്‍ അടുത്തുവരുന്ന പന്ത്‌ ഒടുവില്‍ ബാറ്റിനരികില്‍ ഉരസ്സും. ഇങ്ങനെ എഡ്‌്‌ജ്‌ കണ്ടെത്താനുള്ള മിടുക്ക്‌ മെഗ്രായുടെ സ്വന്തമാണ്‌. മെഗ്രാ മടങ്ങുമ്പോള്‍ ഫാസ്റ്റ്‌ ബൗളിങ്ങ്‌ എന്ന കലയ്‌ക്ക്‌ നഷ്ടമാവുന്നത്‌ ഏറ്റവും ശ്രേഷ്‌ഠനായ പ്രയോക്താവിനേയും പ്രചാരകനേയുമാണ്‌.

Wednesday, April 18, 2007

വൂമറെ കൊന്നതാര്‌?


റോബര്‍ട്ട്‌ ആന്‍ഡ്രൂ വൂമറുടെ പ്രേതം അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിനെ(ഐ സി സി) വേട്ടയാടിക്കൊണ്ടിരിക്കും, ആ സംഘടന എന്നെങ്കിലും പിരിച്ചുവിടും വരെ. കാരണം 58ാം വയസ്സില്‍ ഒരുപാട്‌ മോഹങ്ങളും പ്രതീക്ഷകളും അവശേഷിപ്പിച്ച്‌ വൂമര്‍ ഇഹലോകത്ത്‌ നിന്ന്‌ യാത്രയാകേണ്ടിവന്നതിന്‌ ഉത്തരവാദികള്‍ മേല്‍പ്പറഞ്ഞ സംഘടനയാണ്‌, അവര്‍ മാത്രമാണ്‌. ജീവിതമെന്നാല്‍ വൂമര്‍ക്ക്‌ ക്രിക്കറ്റ്‌ മാത്രമായിരുന്നു. തന്റെ നല്ല നാളുകളില്‍ കളിക്കാരനെന്ന നിലയിലും പിന്നീട്‌ ക്രിക്കറ്റ്‌ പരിശീലനത്തിന്‌ പുതിയ മുഖം നല്‍കിയ കോച്ചെന്ന നിലയിലും വൂമര്‍ ക്രിക്കറ്റിനെ സേവിച്ചു. പക്ഷെ ഒടുവില്‍ ആ മനുഷ്യന്‌ തിരിച്ചുകിട്ടിയതോ? വൂമര്‍ കൊല്ലപ്പെട്ടതാണ്‌, അതും ഒരു ലോകകപ്പ്‌ വേദിയില്‍ വെച്ച്‌. കൊല്ലപ്പെട്ടതാണെന്ന്‌ ഐ സി സി തന്നെ സമ്മതിക്കുന്നു. പക്ഷെ, ആരു കൊന്നു, എന്തിന്‌? ഇത്തരം കാര്യങ്ങളില്‍ ഒരു ബാധ്യതയുമില്ലെന്ന നിലപാടിലാണ്‌ ഐ സി സി അധികൃതര്‍. ലോകകപ്പിന്റെ സംഘാടകരേയും അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിനേയും സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്‌ ഈ സംഭവം. കാരണം കൊല സംഭവിച്ചിരിക്കുന്നത്‌ ലോകകപ്പ്‌ വേദിയില്‍ വെച്ചാണ്‌. കൊല്ലപ്പെട്ടത്‌ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനെത്തിയ ടീമിന്റെ പരിശീലകനും. അന്താരാഷ്ട്ര കായിക രംഗത്ത്‌ തന്നെ സമാനതകളില്ലാത്ത സംഭവമാണിത്‌. ബ്രയാന്‍ ലാറയെയോ, സച്ചിന്‍ തെണ്ടുല്‍ക്കറേയോ പോലുള്ള താരങ്ങളില്‍ ആരെങ്കിലുമാണ്‌ കൊല്ലപ്പെട്ടതെങ്കിലോ? പരിശീലകന്‍ കൊല്ലപ്പെടാമെങ്കില്‍ നാളെ മറ്റൊരു ടൂര്‍ണമെന്റിനിടയില്‍ അതും സംഭവിക്കാം. പിന്നെയെന്ത്‌ സുരക്ഷയാണ്‌, ഐ സി സി ലോകകപ്പിന്‌ ഏര്‍പ്പെയുത്തിയിരിക്കുന്നത്‌? വൂമറുടെ കൊലയ്‌ക്ക്‌ വാതുവെപ്പ്‌ മാഫിയയുമായി ബന്ധമുണ്ടെന്ന്‌ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതിന്റെ പേരില്‍ പാകിസ്‌താന്‍ കളിക്കാരെ ഒട്ടേറെത്തവണ ചോദ്യം ചെയ്‌തു. ക്രിക്കറ്റ്‌ മാത്രമല്ല വാതുവെപ്പിന്റെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ഗെയിം. ബാസ്‌ക്കറ്റ്‌ബോളിലും ബേസ്‌ബോളിലും എന്തിന്‌ ഫുട്‌ബോളില്‍ പോലും ആപല്‍ക്കരമായ രീതിയില്‍ വാതുവെപ്പും ഒത്തുകളിയും അരങ്ങേറിയിരുന്നു. പക്ഷെ അതിന്റെ അപകടം മണത്തറിഞ്ഞ്‌ ഇത്തരം ദുഷ്‌പ്രവണതകളെ മുളയിലേ നുള്ളാന്‍ അതാത്‌ കളികളുടെ ലോകസംഘടനകള്‍ക്ക്‌ കളിഞ്ഞിരുന്നു, വാതുവെപ്പുകാരുടെ താല്‍പര്യത്തിനൊത്ത്‌ കളിയില്‍ വെള്ളം ചേര്‍ക്കുന്ന കളിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആ സംഘടനകള്‍ തയ്യാറായി. അത്‌ മറ്റു കളിക്കാര്‍ക്ക്‌ മുന്നറിയിപ്പായി. പക്ഷെ ക്രിക്കറ്റിലോ? ഒത്തുകളിനാടകങ്ങള്‍ പുറത്തായപ്പോള്‍ ഇന്ത്യയിലേയും പാകിസ്‌താനിലേയും ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ ഏതാനും കളിക്കാര്‍ക്കെതിരെ ആജീവനകാല വിലക്കുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കൈക്കൊണ്ടെങ്കിലും ഐ സി സി കാര്യമായി ഒന്നും ചെയ്‌തില്ല എന്നതാണ്‌ സത്യം. അസ്‌ഹറുദ്ദീനെ വിലക്കിയത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌, അതില്‍ ഐ സി സിക്ക്‌ ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍ ഈയിടെ ഐ സി സിയുടെ ചീഫ്‌ എക്‌സിക്യൂട്ടിവിന്റെ പ്രസ്‌താവനയും ഉണ്ടായിരുന്നു. അവരുടെ ഈ അഴകൊഴമ്പന്‍ നിലപാട്‌ വാതുവെപ്പുകാര്‍ക്കും അവരോട്‌ പണം പറ്റാന്‍ തയ്യാറായി നില്‍ക്കുന്ന കളിക്കാര്‍ക്കും പ്രേരണയാവുമെന്നതില്‍ സംശയിക്കാനില്ല. ഇപ്പോള്‍ വൂമറുടെ മരണത്തിന്‌ ഐ സി സി ഉത്തരവാദികളാവുന്നത്‌ എങ്ങനെയെന്ന്‌ ഇതില്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വാതുവെപ്പിന്റെ സൂചനകള്‍ കിട്ടി തുടങ്ങിയപ്പോഴേ കര്‍ശന നടപടിക്ക്‌ ഐ സി സി തയ്യാറായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാവില്ലായിരുന്നു, തീര്‍ച്ച. ഒരു പക്ഷെ വൂമര്‍ കൊല്ലപ്പെടില്ലായിരുന്നു. വാതുവെപ്പ്‌ മാഫിയക്കും അവരുമായി ബന്ധമുള്ള കളിക്കാര്‍ക്കുമെതിരെ തക്ക സമയത്ത്‌ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഗ്രൗണ്ടിനകത്തും പുറത്തും ദുര്‍മരണങ്ങള്‍ സംഭവിക്കാമെന്ന്‌ ഇതേക്കുറിച്ച്‌ അന്വഷണം നടത്തിയ ഏജന്‍സികളും പത്രപ്രവര്‍ത്തകരുമെല്ലാം എത്രയോ തവണ മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. പക്ഷെ ഇത്തരം മുന്നറിയിപ്പുകള്‍ ഐ സി സി ചെവിക്കൊണ്ടതേയില്ല. ഒത്തുകളിയെന്നത്‌ വലിയൊരു ക്രൈം ആണ്‌്‌. ഏത്‌ ക്രൈമിന്റെയും കാര്യത്തിലുമെന്നപോലെ ഒത്തുകളിയുടെ കാര്യത്തിലും അമ്പത്‌ ശതമാനവും ലോകമറിയാതെ പോയി. ഇന്നും ക്രിക്കറ്റ്‌ ലോകത്തിന്റെ ആരാധനാപാത്രങ്ങളായ പല താരങ്ങളും ടീമിനേയും രാജ്യത്തേയും വഞ്ചിച്ച്‌ കാശുണ്ടാക്കിയവരാവാമെന്നത്‌ ക്രിക്കറ്റ്‌പ്രേമികളെ അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തയായി അവശേഷിക്കുന്നു. ഇനി പിടിക്കപ്പെട്ടവരുടെ കാര്യമോ? മിക്കവരും സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ നിന്ന്‌ രക്ഷപ്പെട്ടു. പിടിക്കപ്പടില്ല, അഥവാ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടില്ല. ഈയൊരു വിശ്വാസം കാശുവാങ്ങി ഒത്തുകളിക്കാന്‍ പിന്നെയും കളിക്കാരെ പ്രേരിപ്പിക്കും. വാതുവെപ്പ്‌ മാഫിയയാവട്ടെ അനുദിനം ശക്തി പ്രാപിച്ചുവരുന്നു. ഒരൊറ്റ മല്‍സരത്തിന്‌ തന്നെ 4600 കോടി രൂപയുടെ ബെറ്റിങ്ങ നടക്കുന്ന അവസ്ഥ. ഇതിന്റെ ചെറിയൊരു ഭാഗം, 100 കോടിരൂപ മുടക്കിയാല്‍ ഇരു ടീമിലേയും എത്ര കളിക്കാരെ വിലക്കെടുക്കാം, അത്രയക്ക്‌ വലിയ ഓഫറുകള്‍ വരുമ്പോള്‍ അതില്‍ വീണുപോവുന്ന കളിക്കാരെ എങ്ങിനെ കുറ്റം പറയും? അവിടെയാണ്‌ ഐ സി സി ഇടപെടേണ്ടിയിരുന്നത്‌. കോഴ വാങ്ങി ഒത്തുകളിച്ചത്‌ ഓരോ രാജ്യത്തെ കോടതികളിലും തെളിയിക്കുക ബുദ്ധിമുട്ടായിരിക്കും. പക്ഷെ, ഒരു കളിക്കാരന്‍ ഇങ്ങനെ കുറ്റം ചെയ്‌തെന്ന്‌ ബോധ്യം വന്നാല്‍ ഐ സി സിക്ക്‌ നടപടിയെടുക്കാവുന്നതായിരുന്നു. പക്ഷെ, ഇക്കാര്യത്തില്‍ ഐ സി സി തികച്ചും നിഷ്‌കൃയത്വം പാലിച്ചു. സമാനമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായിരുന്നെങ്കില്‍, ഒന്നാലോചിച്ചി നോക്കൂ. ആലോചിക്കാനൊന്നുമില്ല, ഒത്തുകളിച്ചെന്ന്‌ ബോധ്യം വരുന്ന പഷം ആ കളിക്കാരന്‍ പിന്നെ ഫുട്‌ബോള്‍ തൊടില്ല. ഇന്ത്യയിലും പാകിസ്‌താനിലും ഏതാനും കളിക്കാര്‍ക്ക്‌ ശിക്ഷ നല്‍കിയത്‌, ഇവിടുത്തെ ക്രിക്കറ്റ്‌ അസോസിയേഷനുകളാണ്‌, ഐ സി സിയല്ല.ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഒത്തുകളിച്ചെന്ന്‌ ആരോപണം ഉയര്‍ന്നപ്പോള്‍ കോച്ച്‌, വൂമറായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും, ഒരിടത്ത്‌ നിന്നും വൂമര്‍ക്കെതിരെ ആരോപണം ഉയര്‍ന്നില്ല. നൂറ്‌ ശതമാനം സംശുദ്ധമായ ക്രിക്കറ്റിന്‌ വേണ്ടി നിലകൊണ്ട വ്യക്തിയായി അംഗീകരിക്കപ്പെട്ടിരുന്നു, ഈ ഇംഗ്ലീഷുകാരന്‍. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ചുമതല വിട്ട ശേഷം, എത്തിപ്പെട്ടതാവട്ടെ പാകിസ്‌താനെ പോലെ വാതുവെപ്പിന്റെ കേന്ദ്രമായ ഒരിടത്തും. തിക്താനുഭവങ്ങള്‍ അവിടെയും അദ്ദേഹത്തിന്‌ ഉണ്ടായി എന്ന്‌ ന്യായമായും സംശയിക്കാം. ഉണ്ടായി എന്ന്‌ അദ്ദേഹത്തോട്‌ അടുപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ വെളിപ്പെടുത്തുന്നു.ലോകകപ്പില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസിലേക്ക്‌ പോയ പാക്‌ ടീമില്‍ വൂമര്‍ക്കൊപ്പമുണ്ടായിരുന്ന ബൗളിങ്ങ്‌ കോച്ച്‌ മുഷ്‌താഖ്‌ അഹമ്മദിനും ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിനും ഇരുണ്ട ഭൂതകാലങ്ങളുണ്ട്‌. ഒത്തുകളിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പാക്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നിയമിച്ച ജസ്റ്റിസ്‌ ഖയൂം കമ്മീഷന്‍ ഇരുവര്‍ക്കും പിഴ വിധിച്ചിരുന്നു. ഈ വസ്‌തുത വൂമറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ദുരൂഹത വളര്‍ത്താന്‍ കാരണമാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട്‌ പാക്‌ താരങ്ങളെ ജമൈക്കന്‍ പോലീസ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേ, അവരെക്കുറിച്ച്‌ പോലീസിന്‌ സംശയമൊന്നുമില്ലെന്ന്‌ പ്രസ്‌താവനയിറക്കാന്‍ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി അടുപ്പമുള്ള സകലരും ഉല്‍സാഹിച്ചിരുന്നു. ഈ വ്യഗ്രത തന്നെ സംശയം വര്‍ധിപ്പിക്കുന്നു. അതേ സമയം അങ്ങനെ ആരെയും അന്വഷണത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടില്ലെന്നാണ്‌ പൊലിസിന്റെ വിശദീകരണം. വാതുവെപ്പുമായി ബന്ധപ്പെട്ട മരണങ്ങള്‍ വിരളമല്ല. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ വാത്‌ വെപ്പ്‌ മാഫിയയുടെ അധിപന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളികളില്‍ ചിലരുടെ മരണം ക്രിക്കറ്റ്‌ ബെറ്റിങ്ങുമായി ബന്ധപ്പെട്ടാണെന്ന്‌ തെളിയിക്കപ്പെട്ടിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഹാന്‍സി ക്രോണ്യെ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും സംശയമുയര്‍ന്നിരുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എവിടെയുമെത്താതെ നില്‍ക്കുന്നു. വൂമര്‍ പ്രസിദ്ധീകരിക്കുമെന്ന്‌ പറഞ്ഞിരുന്ന പുസ്‌തകത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിരല്‍ ചൂണ്ടുന്നത്‌ വാതുവെപ്പുകാരിലേക്കാണ്‌. വൂമറെ ഉടനടി അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ യശസ്സിനും നിലനില്‍പ്പിനും ഭീഷണിയാവുമെന്ന്‌ ചിലര്‍ ഭയപ്പെട്ടിരിക്കണം. വൂമര്‍ പാക്‌ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ടീമിനകത്ത്‌ സംഭവിച്ച ചില കാര്യങ്ങളും അന്വേഷണ വിഷയമാവുന്നുവത്രെ. ഷോയിബ്‌ അക്തറിനും മുഹമ്മദി ആസിഫിനും ടീമില്‍ നിന്ന്‌ പുറത്ത്‌ പോവേണ്ടിവന്നത്‌ വൂമര്‍ മുന്‍കൈ എടുത്ത്‌ നടത്തിച്ച ഡോപ്പ്‌ ടെസ്റ്റിനെ തുടര്‍ന്നായിരുന്നു. ടെസ്റ്റ്‌ നടത്തിയത്‌ തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന്‌ വൂമര്‍ പത്ര സമ്മേളനത്തില്‍ പരസ്യമായി സമ്മതിക്കുകയും ചെയ്‌തിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ ഷോയിബ്‌ അക്തര്‍ വൂമറിനെ പിടിച്ചുതള്ളുക വരെ ചെയ്‌തു. പാക്‌ ടീമംഗങ്ങള്‍ക്ക്‌ വൂമറോടുള്ള സമീപനത്തിന്‌ ഉദാഹരണമായി ഈ സംഭവത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിച്ചേക്കും.

Wednesday, April 11, 2007

ഈ ദൈവങ്ങളെ ആരു തളയ്‌ക്കും?


ചില തോല്‍വികള്‍ അങ്ങിനെയാണ്‌, അതിന്റെ അലയടികള്‍ പെട്ടെന്ന്‌ അവസാനിക്കില്ല. നെപ്പോളിയന്‌ വാട്ടര്‍ലൂ പോലെ, ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്‌ മാരക്കാന പോലെ അവ പരാജിതരെ ദീര്‍ഘകാലം വേട്ടയാടിക്കൊണ്ടിരിക്കും. അതിന്റെ സ്‌മൃതികള്‍ മായ്‌ച്ചു കളയുക എളുപ്പമല്ല. ഇന്ത്യന്‍ ടീം, പ്രത്യേകിച്ചും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകകപ്പിലെ തോല്‍വികൊണ്ട്‌ അനുഭവിക്കുന്നത്‌ സമാനമായ അവസ്ഥയാണ്‌. സച്ചിന്റെ കരിയറില്‍ ഇത്ര വലിയ പ്രതിസന്ധി മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഏത്‌ വെല്ലുവിളിക്കും ബാറ്റ്‌ കൊണ്ട്‌ മറുപടി നല്‍കുകയായിരുന്നു, സച്ചിന്റെ പതിവ്‌. അങ്ങനെയുള്ള സച്ചിനെയാണ്‌ നമ്മള്‍ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചിരുന്നത്‌. പക്ഷെ, ഇപ്പോള്‍ ബാറ്റിന്‌ പകരം നാവുകൊണ്ട്‌ മറുപടി നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കുന്നു. ബാറ്റിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നത്‌ തന്നെയല്ലേ അതിന്‌ കാരണം? തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച്‌ അവസാനിക്കാത്ത വിവാദങ്ങളാണ്‌ അരങ്ങേറുന്നത്‌. ദയനീയമായ തോല്‍വിക്ക്‌ കാരണം എന്തെന്ന്‌ അന്വേഷിക്കുന്നതിന്‌ പകരം പരസ്‌പരം ആരോപണങ്ങള്‍ ഉയര്‍ത്താനാണ്‌ സീനിയര്‍ കളിക്കാര്‍ തുനിഞ്ഞത്‌. കോച്ച്‌ ചാപ്പലിന്റെ റിപ്പോര്‍ട്ടില്‍ സീനിയര്‍ കളിക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ടെന്ന്‌ ആദ്യം വാര്‍ത്ത വന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ചാപ്പല്‍ ഏവിടേയും, ഒരു മീഡിയയോടും ഇങ്ങനെ നേരിട്ട്‌ പറഞ്ഞതായി റിപ്പോര്‍ട്ടില്ല. കോച്ചിന്റെ റിപ്പോര്‍ട്ടില്‍ അങ്ങനെയൊക്കെയുണ്ടെന്ന്‌ ഒരു ഇംഗ്ലീഷ്‌ ചാനലിന്റെ കണ്ടെത്തല്‍ മാത്രമായിരുന്നു. പക്ഷെ സച്ചിനോ? കോച്ചിനെതിരായ പ്രസ്‌താവനയുമായി പരസ്യമായി രംഗത്തെത്തി. കളിക്കാര്‍ ടീമിനുള്ളിലെ കാര്യങ്ങളെക്കുറിച്ച്‌ പരസ്യ പ്രസ്‌താവനയിറക്കരുതെന്ന്‌ ബി സി സി ഐ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇത്‌ ലംഘിക്കുകയായിരുന്നു, സച്ചിന്‍. ആ കളിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ ഓര്‍ത്ത്‌ കൊണ്ട്‌ തന്നെ പറയട്ടെ, ഗെയിമിന്റെ മാന്യതക്ക്‌ ചേരാത്ത നടപടിയായി ഇത്‌. സച്ചിന്റെ പ്രസ്‌താവന വന്ന്‌ അധികം കഴിയും മുമ്പ്‌ ഗ്രെഗ്‌ ചാപ്പല്‍ കോച്ചിന്റെ സ്ഥാനം രാജിവെക്കുകയും ചെയ്‌തു. കളിയില്‍ തോല്‍വി, ജയം പോലെ സ്വാഭാവികമാണ്‌. തോറ്റ ടീമിന്റെ ആരാധകര്‍ക്ക്‌ അത്‌ സഹിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. പക്ഷെ, രാജ്യത്തിന്റേയും കളിയുടേയും അംബാസിഡര്‍മാരായ താരങ്ങള്‍ മാന്യതക്ക്‌ നിരക്കാത്ത രീതിയില്‍ സ്വന്തം കോച്ചിനെതിരെ പ്രസ്‌താവന ഇറക്കാന്‍ പാടില്ല. സത്യത്തില്‍ സച്ചിന്‌ സംഭവിച്ച വലിയ പരാജയം ഇവിടെയാണ്‌, കളിക്കളത്തിലല്ല. മറിച്ച്‌ രാഹുല്‍ ദ്രാവിഡോ? ഇന്ത്യ ലോകകപ്പില്‍ നിന്ന്‌ പുറത്തായ ഉടന്‍ രാഹുലിന്റെ പ്രസ്‌താവന വന്നു-`തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഞാനേറ്റെടുക്കുന്നു.` സീനിയര്‍ താരങ്ങല്‍ മുഴുവന്‍ അധികാരത്തിന്റെ ഇടനാഴിയില്‍ കരുക്കള്‍ നീക്കുമ്പോള്‍ രാഹുല്‍ കുടുംബത്തിനൊപ്പം കേരളത്തില്‍ വന്നു-ലോകകപ്പിലെ തിരിച്ചടികള്‍ ഏല്‍പ്പിച്ച്‌ ആഘാതത്തില്‍ നിന്ന്‌ മുക്തനാവാന്‍ ഒരു വിശ്രമം. മറ്റു തീരുമാനങ്ങല്‍ എല്ലാം രാഹുല്‍ സെലക്‌റ്റര്‍മാര്‍ക്കും ബോര്‍ഡധികൃതര്‍ക്കും വിട്ടു. അധികാരത്തിന്റെ ചക്കളത്തിപോരാട്ടത്തിനിടയ്‌ക്ക്‌ അങ്ങനെ മാന്യത കാട്ടാനും വേണ്ടേ ഒരാള്‍? ശ്രദ്ധേയമായ മറ്റൊരു കാര്യം ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുത്ത ഉടന്‍ അന്നത്തെ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയുമായി ഇടയുകയും സൗരവ്‌ ടിമില്‍ നിന്ന്‌ തന്നെ പുറത്ത്‌ പോവാന്‍ ഇടയാവുകയും ചെയ്‌തിരുന്നു. ദീര്‍ഘകാലം ടീമിനകത്ത്‌ മികച്ച പിന്തുണയുള്ള ക്യാപ്‌റ്റനായിരിക്കെ തന്നെ അന്ന്‌ ആ പ്രതിസന്ധി ഘട്ടത്തില്‍ ഗാംഗുലിക്ക്‌ കാര്യമായ പിന്തുണ കിട്ടിയില്ല. പക്ഷെ ഇപ്പോള്‍ ചാപ്പലിന്റെ വിമര്‍ശനത്തിന്‌ വിധേയനായ സച്ചിന്‍ കൂടുതല്‍ കരുത്തനാണ്‌. ടീമിനകത്തും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനുള്ളിലും മികച്ച പിന്തുണയുള്ള സൂപ്പര്‍ താരം. ഒപ്പം കോച്ചിന്റെ അനിഷിടത്തിന്‌ പാത്രമായ 'സീനിയര്‍ സിന്‍ഡിക്കേറ്റിന്റെ' പിന്തുണയുമുണ്ട്‌. സൗരവ്‌ നേരത്തെ തന്നെ സച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാവര്‍ക്കും ഇത്‌ നിലനില്‍പ്പിന്റെ പോരാട്ടമാണ്‌. അതുകൊണ്ട്‌ തന്നെ കിട്ടാവുന്ന ആയുധങ്ങള്‍ മുഴുവന്‍ കൈയ്യിലെടുത്ത്‌ അവര്‍ പോരാടും. സച്ചിനെ ക്യാപ്‌റ്റനാക്കാന്‍ ടീമിനകത്തും പുറത്തും ഇപ്പോഴും ശക്തമായ ലോബീയിങ്ങ്‌ നടക്കുന്നു. ആ സമ്മര്‍ധങ്ങള്‍ക്ക്‌ വഴങ്ങി, ബോര്‍ഡ്‌ ഭാവിയില്‍ അങ്ങിനെ ചെയ്‌താല്‍ തികച്ചും തെറ്റായ ഒരു സന്ദേശമാവും നല്‍കുന്നത്‌. പരസ്യ പ്രസ്‌താവന പാടില്ലെന്ന നിര്‍ദേശം പ്രകടമായ രീതിയില്‍ തന്നെ ലംഘിച്ച ഒരു കളിക്കാന്‌ തന്നെ ക്യാപ്‌റ്റന്‍ പദവി നല്‍കുന്നത്‌ അച്ചടക്ക ലംഘനത്തിന്‌ മറ്റു കളിക്കാരെ കൂടി പ്രോല്‍സാഹിപ്പിക്കലാവില്ലേ? സച്ചിന്റെ ശബ്ദം ടീമിന്റെ മൊത്തമാണെന്ന നിലയില്‍ യുവരാജ്‌ സിങ്ങും രംഗത്തെത്തി. ഒപ്പം മറ്റൊരു കാര്യം കൂടി 'യുവരാജാവ്‌ ' പറയുന്നു- `എന്ത്‌ ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും ഏറ്റെടുക്കാം` സച്ചിനല്ലെങ്കില്‍ താനായാലും മതിയെന്നല്ലേ മനസ്സിലിരുപ്പ്‌ ? ഒന്നുറപ്പ്‌, ടീമിന്റ ഘടനയും തന്ത്രങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കളിക്കാര്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന്‌ ബി സി സി ഐ വ്യക്തമായ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ നടത്തുന്ന കളിക്കാര്‍ക്കെതിരെ, അവര്‍ എത്ര വലിയവരായാലും, 'ദൈവ'മായാലും കടുത്ത നടപടി തന്നെ വേണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനിയും വലിയ നാണക്കേടുകള്‍ സംഭവിച്ചുകൊണ്ടിരിക്കും.

Saturday, April 7, 2007

38ന്റെ ചെറുപ്പം!


ക്രിക്കറ്റര്‍മാരുടെ പ്രായത്തെക്കുറിച്ചാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂട്‌ പിടിച്ച ചര്‍ച്ച. ഈ ലോകകപ്പില്‍ നമ്മുടെ ടീം ദയനീയമായി പരാജയപ്പെടാന്‍ കളിക്കാരുടെ പ്രായക്കൂടുതല്‍ ഒരു ഘടകമായിരുന്നുവത്രെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ പ്രായക്കൂടുതല്‍ കാരണം ഗ്രൗണ്ടില്‍ മുടന്തിയും ഞെരങ്ങിയും നീങ്ങിയതിനെക്കുറിച്ച്‌ എസ്‌ എം എസ്സുകളും ഇ-മെയിലുകളും പ്രചരിക്കുന്നു. അപ്പോഴും ലോകകപ്പില്‍ നമ്മള്‍ രണ്ട്‌ 'വൃദ്ധന്‍മാരുടെ' കളികള്‍ കണ്ട്‌ അമ്പരന്നു പോവുന്നു. സനത്‌ ജയസൂര്യയുടേയും ബ്രയാന്‍ ലാറയുടേയും. രണ്ടു പേരും മേല്‍ പറഞ്ഞ ഇന്ത്യന്‍ കളിക്കാരേക്കാള്‍ മുതിര്‍ന്നവരാണ്‌, നമ്മുടെ സച്ചിനേക്കാള്‍ മൂന്നു വയസ്സ്‌ മുതിര്‍ന്നവര്‍. പക്ഷെ ഒരിക്കലും ടീമിന്‌ ഭാരമായി എന്ന്‌ അവര്‍ തോന്നിച്ചിട്ടില്ല. മാത്രമല്ല, ഈ ലോകകപ്പിലും ടീമിന്റെ ഭാഗദേയങ്ങള്‍ അവരെ ആശ്രയിച്ച്‌ നില്‍ക്കുന്നു. പ്രത്യേകിച്ചും ജയസൂര്യ- തികച്ചും ആധികാരികമായ പ്രകടനങ്ങളാണ്‌ ഓരോ മാച്ചിലും ജയയില്‍ നിന്നുണ്ടാവുന്നത്‌.ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയും പാകിസ്‌താനും പുറത്തായി. ബംഗ്ലാദേശും വെസ്‌റ്റിന്‍ഡീസും പുറത്തേക്കുള്ള പാതയിലാണ്‌. കളി പുരോഗമിക്കും തോറും ഇത്‌ വെള്ളക്കാരുടെ മാത്രം ലോകകപ്പാണെന്ന്‌ തോന്നിക്കുന്നു. വെള്ളക്കാര്‍ തുടങ്ങിവെച്ച കളിയില്‍ അവരുടെ പ്രതാപം തകര്‍ത്ത്‌ രംഗത്തെത്തിയവരാണ്‌ കരീബിയന്‍ പടയാളികള്‍. പിന്നീട്‌ ഏഷ്യക്കാര്‍, പാകിസ്‌താനും ഇന്ത്യയും ക്രിക്കറ്റില്‍ തങ്ങളുടേതായ വഴി വെട്ടി ലോക ജേതാക്കളായി. ശ്രീലങ്കക്ക്‌ കൂടി അതിന്‌ കഴിഞ്ഞതോടെ ക്രിക്കറ്റ്‌ ഒരു സൗത്ത്‌ ഏഷ്യന്‍ ഗെയിമായി മാറിയെന്നു വരെ വിധിയെഴുതിയതാണ്‌. പക്ഷെ, ഫുട്‌ബോളിലേയും ബാസ്‌ക്കറ്റ്‌ബോളിലേയും പോലെ പ്രൊഫഷണലിസം സ്ഥാപിച്ച്‌ വെള്ളക്കാരന്‍ ക്രിക്കറ്റിലും ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും(ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക വെളുത്തവന്റെ ടീമാണെന്നതില്‍ തര്‍ക്കമില്ലല്ലോ?) ആണ്‌ മുന്നില്‍ നടന്നത്‌. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും പിറകേയും. അവരുടെ രീതികള്‍ വിജയം കണ്ട്‌ തുടങ്ങിയതോടെ മറ്റ്‌ ടീമുകളും ആ വഴിക്ക്‌ നടന്നു. ഇന്ത്യയും പാകിസ്ഥാനും സ്വന്തമായി വെട്ടിയുണ്ടാക്കിയ വഴി ഉപേക്ഷിച്ചു. വെള്ളക്കാരന്റെ പ്രൊഫഷണലിസം അതേപടി സ്വീകരിച്ചു. ഓസ്‌ട്രേലിയയിലേയും ദക്ഷിണാഫ്രിക്കയിലേയും കളിക്കാരുടെ ശാരീരിക ക്ഷമതയോ, മനോഭാവമോ അല്ല നമ്മള്‍ക്ക്‌. അപ്പോള്‍ നമ്മുടെ ശൈലിയും വ്യത്യസ്‌തമാവണ്ടേ? വിദേശ കോച്ചിനെ കൊണ്ട്‌ വന്ന്‌ ഓസ്‌ട്രേലിയക്കാരുടെ കളി പകര്‍ത്താന്‍ ശ്രമിച്ചത്‌ നന്നായിരുന്നോ? ഇന്ത്യക്കും പാകിസ്‌താനും പുനര്‍ വിചിന്തനത്തിന്റെ വേളയാണിത്‌.മറിച്ച്‌ ശ്രീലങ്ക തങ്ങളുടേതായ ശൈലിയും രീതിയും നില നിര്‍ത്തിക്കൊണ്ട്‌ തന്നെ പ്രൊഫഷണലിസത്തെ ഉള്‍ക്കൊള്ളുകയായിരുന്നു. 1996 ലോകകപ്പ്‌ ജയിക്കാന്‍ അവര്‍ രൂപപ്പെടുത്തിയെടുത്ത തന്ത്രങ്ങളിലും ശൈലിയിലും ഊന്നിയാണ്‌ ഈ ലോകകപ്പിലും ശ്രീലങ്കന്‍ ടീം കളിക്കുന്നത്‌. അന്നത്തെ ടീമില്‍ ഓരോ കടമകളും നിര്‍വഹിച്ചിരുന്ന കളിക്കാര്‍ക്ക്‌ ശരിയായ പകരക്കാരെ കണ്ടെത്തിയിരിക്കുന്നു. ജയസൂര്യയും മുരളീധരനും വാസും അന്നും ഇന്നും ടീമിലുണ്ട്‌. മുരളിക്കുും വാസിനും മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്‌. പക്ഷെ ജയസൂര്യക്ക്‌ അന്നത്തേതില്‍ നിന്ന്‌ അല്‍പ്പം പോലും മങ്ങലേറ്റിറ്റില്ലെന്ന്‌ തോന്നിപ്പോവുന്നു. ഷോട്ടുകള്‍ കളിക്കുന്ന രീതിയും അതില്‍ ആവാഹിക്കുന്ന കരുത്തും മാറ്റമില്ലാതെ തൂടരുന്നു. കഷ്ടി, ഒരു വര്‍ഷം മുമ്പ്‌ ഫോമിലല്ലെന്ന കാരണത്താല്‍ ടീമില്‍ നിന്ന്‌ ജയസൂര്യയെ സെലക്‌റ്റര്‍മാര്‍ പുറത്താക്കിയിരുന്നു. പക്ഷെ ചെറിയൊരിടവേളക്ക്‌ ശേഷം കൂടുതല്‍ കരുത്തോടെ തിരിച്ചെത്തി. തിരിച്ചുവരവിന്‌ ശേഷം ജയ നേടുന്ന ആറാമത്തെ സ്വഞ്ചറിയാണ്‌, കഴിഞ്ഞ ദിവസം വെസ്‌റ്റിന്‍ഡീസിനെതിരായ മാച്ചില്‍ കണ്ടത്‌. ഇതിനേക്കാള്‍ മികച്ചൊരു തിരിച്ചുവരവ്‌ ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ടോ, സംശയമാണ്‌. ബ്രയാന്‍ ചാള്‍സ്‌ ലാറയവട്ടെ ഇന്നും ലോകത്തെ ഓര്‍മിപ്പിച്ച്‌കൊണ്ടേയിരിക്കുന്നു; ബാറ്റിങ്ങ്‌ ഒരു സുകുമാരകലയാണ്‌. പക്ഷെ അയാള്‍ ഇവിടെ ഏകനാണ്‌. മരംവെട്ട്‌ പോലെ, പേശികളുടെ മിടുക്കു കൊണ്ട്‌ നിര്‍വ്വഹിക്കേണ്ട ഒരു ജോലിയായി ബാറ്റിങ്ങിനെ കാണുന്നവരാണ്‌, അദ്ദേഹത്തിന്റെ കൂട്ടുകാര്‍ മിക്കവരും. ലാറക്ക്‌ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറെയുണ്ട്‌. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്‌, തന്റെ ടീമിനെ ഒറ്റയ്‌ക്ക്‌ തലയിലേറ്റണം, ടീമിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും തലപൊക്കിയേക്കാവുന്ന അസ്വാരസ്യങ്ങള്‍ അടക്കി നിര്‍ത്തണം... ഇന്ന്‌ ലോകക്രിക്കറ്റില്‍ ഒരൊറ്റ കളിക്കാരനെ ആശ്രയിച്ച്‌ ഒരു ടീം നിലനില്‍ക്കുന്നുവെങ്കില്‍ അത്‌ ലാറയും വിന്‍ഡീസുമാണ്‌. തന്റെ നല്ല കാലത്ത്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ വഹിക്കേണ്ടി വന്നതിനേക്കാള്‍ വലിയ ഭാരമാണ്‌, ഉത്തരവാദിത്വമാണ്‌ കരീബിയന്‍ ക്രിക്കറ്റ്‌ ലാറയുടെ തോളില്‍ വെച്ചുകൊടുത്തിരിക്കുന്നത്‌. പ്രായം നാല്‍പ്പതിനോടടുക്കുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ പല ക്രിക്കറ്റര്‍മാരും കമന്ററി ബോക്‌സിലുരുന്ന്‌ നാക്കിട്ടടിക്കുമ്പോള്‍ ലാറ ഗ്രൗണ്ടിന്‌ നടുക്ക്‌ കര്‍മ്മനിരതനാണ്‌. എന്താണ്‌ ലാറയുടെ കര്‍മ്മം? വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റിന്റെ മാനം കാക്കുക എന്നതാണോ? അതല്ലെന്ന്‌ പറയാനാവില്ല. പക്ഷെ ഈ ലോകകപ്പിലെ ഇതുവരെയുള്ള സംഭവ വികാസങ്ങല്‍ പരിഗണിക്കുമ്പോള്‍ ഒന്നു വ്യക്തമാവും - അത്‌ ലാറയില്‍ നിക്ഷിപ്‌തമായ കര്‍മ്മങ്ങളില്‍ ഒന്ന്‌ മാത്രം.പിന്നെ? മേല്‍ പറഞ്ഞ പോലെ ബാറ്റിങ്ങ്‌ അതി സുന്ദരമായ ഒരു കലയാണെന്ന്‌ ക്രിക്കറ്റിനെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ആരാധകര്‍ക്ക്‌ വേണ്ടി മറ്റു ബാറ്റ്‌സ്‌മാന്‍മാരെ ഓര്‍മിപ്പിക്കുക. എങ്ങനെയും റണ്ണെടുക്കുക എന്നതല്ല ലാറയുടെ രീതി. ഓരോ റണ്ണിനും, സ്‌ട്രോക്കിനും സൗന്ദര്യം പകരുന്നു ലാറ. കളി ജയിക്കുക എന്നതാണ്‌ ആത്യന്തികമായ ലക്ഷ്യം. അതിനു വേണ്ടിയാണ്‌ ടീമിലെ ഓരോ കളിക്കാരനും അദ്വാനിക്കുന്നത്‌. പക്ഷെ ബാറ്റ്‌സ്‌മാന്‍മാര്‍ റണ്‍ മെഷിനുകള്‍ മാത്രമായി മാറുമ്പോള്‍ കളിയുടെ രസനീയത നഷ്ടമാവുന്നു. ഇവിടെയാണ്‌ ലാറ വ്യത്യസ്‌തനാവുന്നത്‌. അന്യം നിന്നു പോവുന്ന സുകുമാര കലയുടെ വക്താവായി അയാള്‍ മാറുന്നു. സുന്ദരമായ കട്ടുകളും ആരെയും കൊതിപ്പിക്കുന്ന ഡ്രൈവുകളും കൊണ്ട്‌ ലാറ കാണികളുടെ മനം കവര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്‌ പോലൊരു ഷോട്ട്‌ കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്‌ മാത്യു ഹൈഡനും ഹര്‍ഷലെ ഗിബ്‌സും പോലെ ഈ ലോകകപ്പിന്റെ രാജാക്കന്‍മാരായി മാറിക്കഴിഞ്ഞവരും കൊതിക്കുന്നുണ്ട്‌, തീര്‍ച്ച.