Wednesday, March 21, 2007

അഭിമുഖം-ശ്രീശാന്ത്‌


ശ്രീശാന്ത്‌ കേരളത്തിന്റെ പുതിയ മുഖമാണ്‌. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വില കൂടിയ 'ബ്രാന്റ്‌ ' ശ്രീ ആയിരിക്കും.ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വഴികള്‍ വെട്ടാന്‍ ധൈര്യം കാണിക്കുന്ന അഗ്രസ്സീവായ ഫാസ്റ്റ്‌ ബൗളറും.ബ്രെറ്റ്‌ലീയും ഷോയിബ്‌ അക്‌തറും അലന്‍ ഡൊണാള്‍ഡും ബൗള്‍ ചെയ്യുന്നതിനിടെ ബാറ്റ്‌സ്‌മാനു നേരെ രൂക്ഷമായി നോക്കുന്നതും ശകാരം ചൊരിയുന്നതും പിറുപിറുക്കുന്നതും കാണുമ്പോള്‍ നമ്മള്‍ പലതവണ ചോദിച്ചു പോയിട്ടുണ്ട്‌.-നമ്മുടെ ബൗളര്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ അതിനു കഴിയുന്നില്ല? കപില്‍ദേവും ജവഗല്‍ ശ്രീനാഥും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഓപ്പണിങ്‌ ബൗളര്‍മാര്‍ തീര്‍ത്തും ശാന്തരായിരുന്നു. `അഗ്രസ്സീവ്‌' എന്ന്‌ ഒരു കമന്റേറ്ററും അവരെകുറിച്ച്‌ പറഞ്ഞു കേട്ടിട്ടില്ല. അതിന്‌ ഒരപവാദം മനോജ്‌ പ്രഭാകര്‍ മാത്രമാവും.`പ്ലെയിങ്ങ്‌ ക്രിക്കറ്റ്‌ ഇന്‍ ഓസ്‌ട്രേലിയന്‍ വേ.' - ജയിക്കാന്‍ വേണ്ടി കളിക്കുക എന്ന ഓസ്‌ട്രേലിയന്‍ ശൈലിയുടെ ഭാഗമാണ്‌ ഈ അഗ്രഷന്‍. ആധുനിക ക്രിക്കറ്റില്‍ ബാറ്റ്‌സ്‌മാനുമേല്‍ ബൗളര്‍മാര്‍ക്ക്‌ മാനസിക ആധിപത്യം നേടുന്നതിനുള്ള യുദ്ധതന്ത്രം. ആര്‍ക്കും അങ്ങനെ അഗ്രസ്സീവായി അഭിനയിക്കാനാവില്ല. അത്‌ രക്തത്തിലുണ്ടാവേണ്ടതാണ്‌. നമ്മുടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ അത്‌ ഇല്ലാതെ പോവുന്നു പക്ഷേ ശ്രീയില്‍ അതുണ്ട്‌. ബാറ്റ്‌സ്‌മാനെ കീഴടക്കാനും തകര്‍ക്കാനും പോന്ന അഗ്നിയും ഉര്‍ജ്ജവും എന്നും ശ്രീയുടെ ഉള്ളിലുണ്ട്‌. ക്രിക്കറ്റര്‍ എന്ന നിലയില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച്‌, പുതിയ ആയുധങ്ങളെക്കുറിച്ച്‌, ഭാവി പ്രതീക്ഷകളെക്കുറിച്ച്‌ ശ്രീ സംസാരിക്കുന്നു..ചോദ്യം:ശ്രീശാന്തിനെ ശ്രീശാന്ത്‌ ആക്കിയത്‌ ആരാണ്‌,അച്ഛനോ അമ്മയോ?ശീശാന്ത്‌:എന്റെ ക്യാരക്ടറിനെ കുറിച്ചാണ്‌ ചോദ്യമെങ്കില്‍, അത്‌ ഞാന്‍ തന്നെ ഉണ്ടാക്കിയെടിത്തതാണ്‌. അച്ഛന്റേയും അമ്മയുടേയും സ്വാധീനം തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ എവിടെയെത്തണം, എന്താവണം എന്നെല്ലാം നേരത്തെ തന്നെ ചിന്തിച്ച്‌ അതിന്‌ വേണ്ടി എന്നെ തന്നെ ഞാന്‍ പാകപ്പെടുത്തിയെടുത്തു. നല്ല പുസ്‌തകങ്ങളും പ്രാര്‍ഥനയും എല്ലാം അതിന്‌ സഹായിച്ചു.ചോദ്യം:വായനെയെ കുറിച്ച്‌ പറഞ്ഞുവല്ലോ, എന്ത്‌ പുസ്‌തകങ്ങളാണ്‌ സാധാരണ വായിക്കാറ്‌ ?ശീശാന്ത്‌:സ്വയം പ്രചോദനം നല്‍കാനും ജീവിതത്തില്‍ പൊരുതി ജയിക്കാനും തിരിച്ചടികളില്‍ പതറാതെ മുന്നോട്ട്‌ പോവാനും പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങള്‍. റോബിന്‍ എസ്‌ ശര്‍മ്മയുടെ ' ' എ മോങ്ക്‌ ഹു സോള്‍ഡ്‌ ഹിസ്‌ ഫെരാരി' ഈയിടെ വായിച്ച, എന്നെ ഏറെ സ്വാധീനിച്ച പുസ്‌തകമാണ്‌.ചോദ്യം:വലിയ താരമായി എന്നു തോന്നാറില്ലേ?ശീശാന്ത്‌:പ്രശസ്‌തിയുണ്ട്‌, എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നു. പക്ഷെ, ഒരു താരെത്ത പോലെ ഞാന്‍ ആരോടും പെരുമാറാറില്ല. പുതിയ സാഹചര്യങ്ങളുമായി പെട്ടന്ന്‌ പൊരുത്തപ്പെയാനും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും പരമാവധി ശ്രമിക്കാറുണ്ട്‌.ചോദ്യം: സന്തോഷം മാത്രമല്ല സമ്മര്‍ദ്ധങ്ങളും ക്രിക്കറ്റ്‌ ശ്രീക്ക്‌ സമ്മാനിക്കുന്നല്ലോ, അപ്പോള്‍ എന്ത്‌ ചെയ്യുംശ്രീശാന്ത്‌: സമ്മര്‍ദ്ധങ്ങള്‍ കളിയുടെ ഭാഗമാണ്‌. അത്തരം സമ്മര്‍ദ്ധങ്ങള്‍ നമ്മെ വല്ലാതെ ബാധിക്കാതെ നോക്കേണ്ടത്‌ അനിവാര്യവുമാണ്‌. അതി സമ്മര്‍ദ്ധങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞാന്‍ എന്നോട്‌ തന്നെ സംസാരിച്ച്‌ നേക്കും. ആത്മ വിശ്വാസവും ധൈര്യവും നേടാന്‍ അത്‌ കൊണ്ട്‌ കഴിയാറുണ്ട്‌. പിന്നെ മനസ്സില്‍ ഗായത്രി മന്ത്രം ചൊല്ലും. അച്ഛന്‍ പഠിപ്പിച്ച്‌ തന്നതാണത്‌.ചോദ്യം:മുമ്പൊന്നും ഒരു ഇന്ത്യന്‍ ബൗളര്‍ ഇത്ര അഗ്രസ്സീവായി ഫീല്‍ഡില്‍ പെരുമാറുന്നത്‌ കണ്ടിട്ടില്ല. അത്രത്തോളം അഗ്രസ്സീവാണ്‌ ശ്രീശാന്ത്‌ എന്ന ബൗളര്‍. ഇത്‌ അഭിനയമാണോ, അതോ നൈസര്‍ഗ്ഗികമോ?ശ്രീശാന്ത്‌:തീര്‍ത്തും നാച്വറലാണ്‌. ചെറുപ്പത്തില്‍ ചേട്ടന്‍മാര്‍ക്കൊപ്പം ടെന്നീസ്‌ബോളുകൊണ്ട്‌ കളിക്കുമ്പോഴും ഞാനിങ്ങനെയാണ്‌. ഒന്നും വെറുതെ കിട്ടില്ല. ഓരോ ഇഞ്ചിലും ഫൈറ്റ്‌ ചെയ്‌തേ നേടാനാവൂ എന്ന്‌ ഞാന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. ക്രിക്കറ്റ്‌ എന്നെ പഠിപ്പിച്ചത്‌ അതാണ്‌. മുമ്പ്‌ ഞാന്‍ എന്തായിരുന്നോ അതുതന്നെ ഇന്നും. ഒരു മാറ്റവുമില്ല.ചോദ്യം:ഈ അഗ്രഷന്‍ ജീവിതത്തിലും ഉണ്ടോ?ശ്രീശാന്ത്‌:ഉണ്ടെന്ന്‌ തോന്നുന്നു. ദേഷ്യം വന്നാല്‍ ശരിക്കും ദേഷ്യം വരും. വാശിക്കാരനാണെന്ന്‌ അച്ഛന്‍ പറയുന്നു. ഞാന്‍ മറ്റുള്ളവരെ പെട്ടെന്ന്‌ വിശ്വാസത്തിലെടുക്കും. അവരും അങ്ങനെ ആണെന്ന്‌ പ്രതീക്ഷിക്കും. പക്ഷേ അതിന്‌ യോജിക്കാത്ത വിധം അവര്‍ പെരുമാറുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. ചോദ്യം:കലാകാരനാണ്‌, ശ്രീ. ഡാന്‍സ്‌ ചെയ്യും, ചിത്രം വരയ്‌ക്കും, ജാസ്‌ വായിക്കും, പാട്ടു പാടും. കലാകാരന്മാര്‍ വികാരജീവികളാവും. അതാവുമോ ഈ അഗ്രഷന്‌ കാരണം?ശ്രീശാന്ത്‌:അങ്ങനെ പറയാമോ? അറിയില്ല. ഏതായാലും ഒന്നുറപ്പ്‌, ഞാന്‍ ഗ്രൗണ്ടില്‍ അഭിനയിക്കാറില്ല. ഗ്രൗണ്ടിന്റെ ഇന്നര്‍ സര്‍ക്കിനുള്ളില്‍ എത്തുമ്പോള്‍ ഞാന്‍ പുതിയ മനുഷ്യനാണ്‌. ബാറ്റ്‌സ്‌മാനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യമേ കാണൂ. എങ്ങനെയാണ്‌ ഈ മാറ്റം എന്ന്‌ എനിക്കറിയില്ല. എന്നാല്‍ ബാറ്റ്‌സ്‌മാനെതിരെ ഒരു ചീത്ത വാക്ക്‌ പോലും ഞാന്‍ പ്രയോഗിക്കാറില്ല.ചോദ്യം: കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ കണ്ടിരുന്നോ? സിദാന്‍ മറ്റരാസിയെ തലകൊണ്ടിടിച്ചപ്പോള്‍ എന്ത്‌ തോന്നി. ശ്രീ ആയിരുന്നെങ്കില്‍ അങ്ങിനെ പെരുമാറുമായിരുന്നോ?ശ്രീശാന്ത്‌:വെസ്റ്റിന്‍സില്‍ കളിക്കുകയായിരുന്നത്‌ കൊണ്ട ്‌ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ കാണാനായില്ല. പക്ഷേ ഫൈനല്‍ ഒരു നിമിഷം പോലും വിടാതെ ഇവിടെ കൊച്ചിയില്‍ ഇരുന്നു കണ്ടു. സിദാനാണ്‌ എന്റെ സ്റ്റാര്‍. എനിക്ക്‌ സിദാന്റെ കളി വല്ലാതെ ഇഷ്‌ടപ്പെട്ടു. ആ ഇടിയും (ചിരിക്കുന്നു). പക്ഷേ ഞാനായിരുന്നു ആ അവസ്ഥയിലെങ്കില്‍ ഇടിക്കില്ല. മറ്റരാസി പറഞ്ഞതിന്റെ ഇരട്ടി അങ്ങോട്ട്‌ പറയും. അയാള്‍ എന്നെ ഇടിച്ച്‌ ചുവപ്പു കാര്‍ഡ്‌ വാങ്ങും.ചോദ്യം:നന്നായി ബ്രേക്ക്‌ ഡാന്‍സ്‌ ചെയ്യുമെന്ന്‌ പറയുന്നു. ഇപ്പോഴുണ്ടോ?ശ്രീശാന്ത്‌:ചെറുപ്പത്തിലേ ബ്രേക്ക്‌ ഡാന്‍സ്‌ പഠിച്ചിരുന്നു. ചില വിവാഹപാര്‍ട്ടികളിലൊക്കെ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്‌. നജീബ്‌ എന്നൊരു സാറായിരുന്നു എന്റെ ഡാന്‍സ്‌ ഗുരു. ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിച്ചത്‌ ബ്ലാംഗ്ലൂരിലെ സ്‌കൂളിലാണ്‌. അവിടെ ഞങ്ങള്‍ക്ക്‌ നല്ലൊരു ഡാന്‍സ്‌ ട്രൂപ്പുണ്ടായിരുന്നു. അമിത്‌, ഫഹാദ്‌, വൈശാലി, പൂര്‍ണിമ, ശ്വേത.. ഇങ്ങനെ ഒരു ട്രൂപ്പ്‌. ഉദയ, രാജ്‌, തേജ്‌ തുടങ്ങിയ ടി.വി. ചാനലുകള്‍ സംഘടിപ്പിച്ച ആള്‍ കര്‍ണാടക ഡാന്‍സ്‌ കോമ്പിറ്റേഷനില്‍ ഞങ്ങള്‍ക്ക്‌ ഒന്നാം സ്ഥാനം കിട്ടി. മുംബൈയില്‍ പോയി ബൂഗി, ബൂഗി എന്നൊരു പരിപാടിയില്‍ ഡാന്‍സ്‌ അവതരിപ്പിച്ചു. ജാവദ്‌ ജഫ്രി ആയിരുന്നു അവിടെ ജഡ്‌ജ്‌. ഭരതനാട്യവും മോഹിനിയാട്ടവും മോഡേണും എല്ലാം ചേര്‍ന്ന ഡാന്‍സ്‌ പരിപാടി. ഞാന്‍ ബ്രേക്കും റോക്ക്‌ ആന്റ്‌ റോളും പാര്‍ട്ടി ഡാന്‍സും എല്ലാം മിക്‌സ്‌ ചെയ്‌ത്‌ കളിച്ചു. ആ പരിചയം കൊണ്ട്‌ ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളിലും ഡാന്‍സ്‌ ചെയ്യാന്‍ കഴിയുന്നു.ചോദ്യം:അയ്യപ്പനെയും ഗുരുവായൂരപ്പനെയും ആന്റണീസ്‌ പുണ്യവാളനേയും പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വമത വിശ്വാസിയാണോ?ശ്രീശാന്ത്‌:ദൈവവിശ്വാസം ചെറുപ്പത്തി ലേ അച്ഛനും അമ്മയും പകര്‍ന്നു തന്നതാണ്‌. പിന്നെ എല്ലാ ദൈവങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പിങ്കു തോമസും ലിജോയും ക്രിസ്‌ത്യാനികളാണ്‌. ഞാന്‍ പഠിച്ച സ്‌കൂളിലെ സിസ്‌റ്റര്‍മാരും എന്നെ സ്വാധീനിച്ചിരുന്നു. ചെറുപ്പത്തില്‍ ചാപ്പലില്‍ പോവും. എല്ലാ ദൈവങ്ങളെയും പ്രാര്‍ഥിക്കാന്‍ ഞാന്‍ ചെറുപ്പത്തിലേ ശീലിച്ചു. എന്റെ ഓരോ കുതിപ്പിനും പിന്നില്‍ ഈ വിശ്വാസമുണ്ട്‌.ചോദ്യം:ഗായത്രീ മന്ത്രം ചൊല്ലുന്നത്‌ ശീലമല്ലേ?ശ്രീശാന്ത്‌:ദിവസവും രാത്രിയും രാവിലെയും ചൊല്ലും. ചെറുപ്പത്തില്‍ അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്‌. ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനു മുമ്പും ചൊല്ലാറുണ്ട്‌.ചോദ്യം:ബൗള്‍ ചെയ്യാന്‍ പോവുമ്പോള്‍ മറ്റെന്തോ പറയുന്നത്‌ കാണാറുണ്ട്‌...ശ്രീശാന്ത്‌:ആത്മവിശ്വാസം കിട്ടാനുള്ള ചില കാര്യങ്ങള്‍. ഒരു തരം സെല്‍ഫ്‌ ടോക്കിങ്‌. റിലാക്‌സ്‌, റിലാക്‌സ്‌, റിലാക്‌സ്‌. അങ്ങനെ മൂന്നു തവണ, പിന്നെ യു ആര്‍ ദ ബെസ്റ്റ്‌, യു കാന്‍ ഡൂ ഇറ്റ്‌, ഗെറ്റ്‌ ഹിം, ഗെറ്റ്‌ ഹിം - ഇങ്ങനെ എല്ലാം പറയും. പിന്നെ ബാറ്റ്‌സ്‌മാനെ നോക്കുമ്പോള്‍ ഒന്ന്‌ ദീര്‍ഘശ്വാസം എടുക്കും. അതോടെ റണ്ണപ്പ്‌ തുടങ്ങാന്‍ തയ്യാറാവും. എല്ലാം ഓരോ ശീലങ്ങള്‍.ചോദ്യം:തുടര്‍ച്ചയായി രണ്ടു ബൗണ്ടറി ശ്രീയുടെ പന്തില്‍ ബാറ്റ്‌സ്‌മാന്‍ അടിക്കുന്നു. എന്ത്‌ ചെയ്യും?ശ്രീശാന്ത്‌:രണ്ടും മോശം ബോളുകളാണെങ്കില്‍ അടുത്തത്‌ നന്നായി ചെയ്യാന്‍ ശ്രമിക്കും. ഇനി അടി കിട്ടിയത്‌ നല്ല ബോളുകളിലാണെങ്കില്‍ അടുത്തതും നല്ല ബോള്‍ ചെയ്യും. പിന്നെ അങ്ങനെ അവര്‍ അടിക്കുമ്പോള്‍ വിക്കറ്റ്‌ കിട്ടാനുള്ള സാധ്യതയും കൂടുതലാണ്‌. തുടര്‍ച്ചയായി രണ്ട്‌ സിക്‌സര്‍പോയാലും പെട്ടെന്ന്‌ തളരാറില്ല. ടെന്നീസ്‌ ബോളിലാണ്‌ ഞാന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയത്‌. വിക്കറ്റിനു നേരെയല്ലാതെ രണ്ടു വശത്തേക്കു മാറിയാലും സിക്‌സര്‍ വരും. ഓരോവറില്‍ ആറു സിക്‌സര്‍ അടിപ്പിക്കാതിരിക്കാനായിരുന്നു അന്നു ശ്രമം. ആ ഒരു ധൈര്യം ഇന്നും ഉണ്ട്‌. അവര്‍ അടിച്ചോട്ടെ, ഞാന്‍ വിക്കറ്റെടുക്കും.ചോദ്യം:വിന്‍ഡീസിനെതിരായ പരമ്പരയില്‍ രണ്ടുതവണ ലാറയുടെ വിക്കറ്റെടുത്തു. ലാറയുമായി ബൗള്‍ ചെയ്യുന്നതിനിടെ ഇടയ്‌ക്കിടെ സംസാരിക്കുന്നതും കണ്ടു. സ്ലെഡ്‌ജിങ്ങ്‌ ആയിരുന്നോ?ശ്രീശാന്ത്‌:സ്ലെഡ്‌ജ്‌ ചെയ്‌തില്ല. ഒരു ചീത്തവാക്ക്‌ പോലും ഞാന്‍ ഉപയോഗിച്ചില്ല. ബാറ്റ്‌സ്‌മാനെതിരെ മാനസിക ആധിപത്യം നേടാന്‍ ചില പൊടിക്കൈകള്‍. ലാറ അല്ല ആരായാലും ഞാനത്‌ ചെയ്യും. ചെറുപ്പത്തില്‍ ക്ലബ്ബിനുവേണ്ടി കളിക്കുമ്പോഴേ അങ്ങനെ ഒക്കെ ചെയ്‌തിരുന്നു. ഇപ്പോള്‍ ഒരു ബാറ്റ്‌സ്‌മാന്‍ രണ്ടു പന്ത്‌ ബീറ്റായെങ്കില്‍ നമുക്ക്‌ ചോദിക്കാം - ചേട്ടാ എന്താ ചെയ്യുന്നേ, വേറെ എത്ര കുട്ടികളുണ്ട്‌. അവരെ ആരെയെങ്കിലും അയയ്‌ക്ക്‌. അത്‌ പോലെ അന്താരാഷ്‌ട്ര മാച്ചുകളിലും ആവാം അല്‍പ്പം.ചോദ്യം:ലാറയുമായുള്ള ഇടപെടലുകള്‍ വിശദീകരിക്കാമോ?ശ്രീശാന്ത്‌:ഞാന്‍ ആദ്യം ലാറക്കെതിരെ ബൗള്‍ ചെയ്‌തത്‌ വണ്‍ഡേയിലാണ്‌. ആദ്യ പന്ത്‌ ഓടി വന്ന്‌ ഒരു ഓഫ്‌സ്‌പിന്നായിരുന്നു. ലാറ അത്‌ ഫ്രണ്ട്‌ ഫൂട്ടില്‍ ഡിഫന്റ്‌ ചെയ്‌തു. ഞാന്‍ `വൗ' എന്നു മാത്രം പറഞ്ഞു.പിന്നെ ഒന്നാം ടെസ്റ്റില്‍ ഒന്നുരണ്ടു തവണ എന്റെ പന്തില്‍ ലാറ എഡ്‌ജ്‌ ചെയ്‌തു. അപ്പോള്‍ ഞാന്‍ പറഞ്ഞു. "I have seen lara, Is it lara, No (ഞാന്‍ ലാറയെ കണ്ടിട്ടുണ്ട്‌. ഇത്‌ ലാറയാണോ, അല്ല) എന്നു മാത്രം പറഞ്ഞു. അടുത്ത പന്ത്‌ ഞാന്‍ കത്തിച്ച്‌ എറിഞ്ഞു. ഒറ്റയടി മിഡ്‌ വിക്കറ്റിനു മുകളിലൂടെ സിക്‌സ്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു. Wow it is more like lara. (ഇത്‌ ലാറയുടേത്‌ തന്നെ) അപ്പോള്‍ ലാറ എന്നെ നോക്കി ഒന്ന്‌ ചിരിച്ചു. അടുത്ത പന്ത്‌ ഞാന്‍ ജീവിതത്തില്‍ മറക്കില്ല. നല്ല ബോളായിരുന്നു മിഡില്‍ സ്റ്റംപ്‌ ലൈനില്‍ പിച്ച്‌ ചെയ്‌ത്‌ ലാറയുടെ അരയോളം ഉയരത്തില്‍ ഓഫ്‌ സ്റ്റംപിന്റെ ദിശയിലേക്ക്‌ ഉയര്‍ന്നു. നല്ല വേഗതയുള്ള പന്ത്‌. കവേഴ്‌സിന്റെയും മിഡോഫിന്റേയും ഇടയിലൂടെ അത്‌ ബൗണ്ടറിയിലേക്ക്‌ പറത്തി ലാറ. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ എനിക്ക്‌ മനസ്സിലാവുന്നതിലും വേഗത്തില്‍. അത്ര മികച്ച, ക്ലാസ്‌ പ്ലെയര്‍ക്കേ അതിനു കഴിയൂ. ആ പന്ത്‌ ഗള്ളി അല്ലെങ്കില്‍ പോയിന്റിലൂടെ പോവാം. എത്ര നല്ല ഷോട്ടടിച്ചാലും പരമാവധി പോയന്റിനും കവേഴ്‌സിനും ഇടയിലൂടാവാം. എന്നാല്‍ ലാറ അത്‌ കളിച്ചത്‌ തീര്‍ച്ചയായും അവിശ്വസനീയമായിരുന്നു. ഞാന്‍ കണ്ട ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്ന്‌. അണ്‍ ബിലീവബിള്‍.ചോദ്യം:പിന്നെയും ലാറക്ക്‌ ബൗള്‍ ചെയ്‌തല്ലോ.ശ്രീശാന്ത്‌:രണ്ടാമിന്നിങ്‌സ്‌. ആ ഗ്രൗണ്ടില്‍ ലാറയുടെ അവസാന ഇന്നിങ്‌സ്‌. 400 അടിച്ച ഗ്രൗണ്ടാണ്‌ ഓര്‍ക്കണം. ലാറ ബാറ്റ്‌ ചെയ്യാനിറങ്ങുമ്പോള്‍ തന്നെ ഗ്യാലറിയില്‍നിന്ന്‌ വലിയ വരവേല്‍പ്പ്‌. ഒരു പന്ത്‌ ലാറ ബീറ്റണായപ്പോള്‍ ഞാന്‍ പറഞ്ഞു. "Oh, you are struggling? 'അപ്പോള്‍ എന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്ന്‌ നോക്കി. വീണ്ടും ബീറ്റണായി. ഞാന്‍ വീണ്ടും പറഞ്ഞു. Can you belive, that king lara is struggling. ലാറ വീണ്ടും ചൂടാവുന്നു. അടുത്ത പന്ത്‌ എഡ്‌ജ്‌ ചെയ്‌ത്‌ പന്ത്‌ ഗള്ളിയിലൂടെ പോവുന്നു. അപ്പോള്‍ ലാറയുടെ മുഖം കാണേണ്ടതായിരുന്നു. അത്ര ചൂടായി ലാറയെ ഞാന്‍ കണ്ടിട്ടില്ല. അടുത്ത ഓവറിന്റെ ആദ്യ ബോളില്‍ ലാറ ഔട്ട്‌.അന്ന്‌ രാത്രി ഒരു പാര്‍ട്ടി. എന്റെ അരികില്‍ വന്നു പറഞ്ഞു. `നി ന്നെ ഇനിയും ഫെയ്‌സ്‌ ചെയ്യാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍' അപ്പോള്‍ റൈനയും ഇര്‍ഫാനും കൈഫും എല്ലാം പറഞ്ഞു. നിന്റെ കാര്യം പോക്കാണ്‌. 10 ഓവറില്‍ നൂറ്‌ അടിച്ചെന്നിരിക്കും.അവസാന ടെസ്റ്റില്‍ ഞാന്‍ ലാറക്കെറിഞ്ഞ ആദ്യ പന്തില്‍ ലാറ ശരിക്കും എല്‍.ബി. ആയിരുന്നു. അമ്പയര്‍ പക്ഷേ തന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. You should be walking (നിങ്ങള്‍ പുറത്ത്‌ പോവേണ്ടതായിരുന്നു.) അപ്പോള്‍ ശരിക്കും ചൂടായി. ണവമ?േ എന്നു ചോദിച്ച്‌ എന്റെ നേരെ നടന്നു വന്നു. ഞാന്‍ മാറിക്കളഞ്ഞു. സത്യത്തില്‍ ബാറ്റ്‌സ്‌മാന്‍ ഇങ്ങനെ ചൂടാവുമ്പോള്‍ ഔട്ട്‌ ആക്കാന്‍ നമുക്ക്‌ അവസരം കിട്ടും. അതാണ്‌ ഞാന്‍ ചെയ്‌തത്‌, ചെയ്യുന്നത്‌. പക്ഷേ ഒരിക്കലും ഇത്‌ ഗ്രൗണ്ടിന്റെ പുറത്തേക്ക്‌ കൊണ്ട്‌ വരില്ല. ഒരു മോശം വാക്ക്‌ ഞാന്‍ ഉപയോഗിക്കില്ല. പാര്‍ട്ടിയില്‍ ഞാന്‍ ലാറക്കൊപ്പം ഡാന്‍സ്‌ ചെയ്‌തു. അടുത്തിടപഴകി. ഒന്നു പറയട്ടെ എത്ര വലിയ ബാറ്റ്‌സ്‌മാനായിട്ടും വളരെ ലളിതമായി പെരുമാറാന്‍ കഴിയുന്ന മനുഷ്യനാണ്‌. ഗ്രേറ്റ്‌ ക്രിക്കറ്റര്‍ ആന്റ്‌ ഗ്രേറ്റ്‌ പേഴ്‌സണ്‍.ചോദ്യം:ബൗളര്‍ എന്ന നിലയില്‍ ശ്രീയുടെ ഏറ്റവും മികച്ച ആയുധം?ശ്രീശാന്ത്‌:ഔട്ട്‌സ്വിങ്ങര്‍. ക്രീസിന്റെ ഏറ്റവും അറ്റത്തുനിന്നും സ്റ്റംപിന്‌ അടുത്ത്‌ നിന്നും ബൗള്‍ ചെയ്യുമ്പോഴും ഔട്ട്‌ സ്വിങ്ങറുകള്‍ വരും. പുതിയ പന്തിലും പഴയ പന്തിലും ആഗ്രഹത്തിന്‌ അനുസരിച്ച്‌ ചെയ്യാനാവും. പിന്നെ ഓഫ്‌ കട്ടറുകളും നന്നായി ചെയ്‌ത്‌ തുടങ്ങിയിരിക്കുന്നു. ടിനുചേട്ടന്‍ (ടിനു യോഹന്നാന്‍) ആണ്‌ അത്‌ പഠിപ്പിച്ച്‌ തന്നത്‌.ചോദ്യം:പുതിയ ഏതെങ്കിലും പന്ത്‌ എറിയാനുള്ള ശ്രമം ഉണ്ടോ?ശ്രീശാന്ത്‌:ഇന്‍സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ എല്ലാവരും നന്നായി ബൗള്‍ ചെയ്യുന്നു. എന്നാല്‍ ഔട്ട്‌സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ എറിയാറില്ല. ഞാനതിന്‍മേലുള്ള ശ്രമത്തിലാണ്‌. ഇന്‍സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ നമ്മള്‍ എറിയുമ്പോള്‍ അത്‌ മനസ്സിലാക്കി സ്റ്റാന്‍സ്‌ മാറ്റി കളിക്കാന്‍ ബാറ്റ്‌സ്‌മാന്‌ കഴിയും. എന്നാല്‍ ഔട്ട്‌ സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ അങ്ങനെ എളുപ്പം തിരിച്ചറിയില്ല. ചെന്നൈ ലീഗില്‍ രണ്ടു തവണ അത്‌ ഞാന്‍ പരീക്ഷിച്ചു നോക്കിയിരുന്നു.ചോദ്യം:പോരായ്‌മകള്‍ ഉണ്ടോ. അത്‌ എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കും?ശ്രീശാന്ത്‌:കുറേ പോരായ്‌മകള്‍ ഉണ്ട്‌. ഒന്ന്‌ ഇന്‍സ്വിങ്ങറുകള്‍ ആവശ്യാനുസരണം, ആഗ്രഹത്തിനൊത്ത്‌ എറിയാനാവുന്നില്ല. ദൗര്‍ബല്യങ്ങള്‍ മനസ്സിലായാല്‍ഞാന്‍ അതേകുറിച്ച്‌ ധാരാളം ചിന്തിക്കും എന്നിട്ട്‌ അത്‌ പരിഹരിക്കാനുള്ള രീതികള്‍ മനസ്സില്‍ വിഷ്വലൈസ്‌ ചെയ്‌ത്‌ നോക്കും. നന്നായി വിഷ്വലൈസ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ അത്‌ പ്രയോഗത്തില്‍ വരുത്താന്‍ കഴിയും.ചോദ്യം:മറ്റു ബൗളര്‍മാരെ നോക്കി പഠിക്കാറുണ്ടോ?ശ്രീശാന്ത്‌:തീര്‍ച്ചയായും ഷോണ്‍ പോളോക്കിനെ നന്നായി നിരീക്ഷിച്ച്‌്‌ പഠിക്കാന്‍ ശ്രമിക്കാറുണ്ട്‌. മഗ്രാത്തിനെ എനിക്ക്‌ ഏറെ ഇഷ്‌ടമാണ്‌. എന്നാല്‍ പോളോക്കിന്റെ ബൗളിങ്ങാണ്‌ കൂടുതല്‍ ഇഷ്‌ടം. എന്നാല്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത്‌ എം.ആര്‍.എഫ്‌. പേസ്‌ ഫൗണ്ടേഷനില്‍ എന്റെ ഗുരുവായ ഡെന്നിസ്‌ ലില്ലിയെ ആണ്‌. ലില്ലിയുടെ ബൗളിങ്ങിന്റെ വീഡിയോ കാണും. അദ്ദേഹത്തിന്റെ അപ്പീല്‍ ക്ലാസിക്ക്‌ ആണ്‌.ചോദ്യം:കരിയറില്‍ ചില വീഴ്‌ചകള്‍ ഉണ്ടാവാം. അതില്‍നിന്ന്‌ എങ്ങനെ കരകയറുന്നു?ശ്രീശാന്ത്‌:അതിന്‌ അനന്തന്‍ ചേട്ടനോട്‌ നന്ദി പറയണം. ഒരിക്കല്‍ കേരളത്തിന്റെ രഞ്‌ജി ട്രോഫി ടീമില്‍ നിന്ന്‌ എന്നെ പുറത്താക്കിയിരുന്നു. ആ സമയത്ത്‌ തകര്‍ന്നുപോയ എന്നെ ശരിയായ ഉപദേശങ്ങള്‍ തന്നതും ശരിയായി ചിന്തിക്കാന്‍ പഠിപ്പിച്ചതും അനന്തന്‍ചേട്ടന്‍ (അനന്തപത്മനാഭന്‍) ആണ്‌. അതിനുശേഷം അത്തരം പ്രശ്‌നങ്ങള്‍ എന്നെ ബാധിക്കാറേയില്ല.ചോദ്യം:വലിയ സ്റ്റാര്‍ ആയി മാറുന്നു. തിരക്കേറുന്നു. സ്വകാര്യനിമിഷങ്ങള്‍ നഷ്‌ടമാവുന്നു. ബുദ്ധിമുട്ടാവില്ലേ?ശ്രീശാന്ത്‌:ഇല്ല. ഞാനിത്‌ ആസ്വദിക്കുന്നു. എല്ലാവരോടും നന്നായി പെരുമാറാന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ലാറയെ കണ്ടുപഠിക്കണം. ഇത്ര വലിയ താരമായിട്ടും അദ്ദേഹം ഒരു മടിയുമില്ലാതെ തെരുവിലിറങ്ങി നടക്കും. എല്ലാവരോടും നന്നായി പെരുമാറും. അദ്ദേഹത്തെ പോലെ വലിയ സ്റ്റാര്‍ ഒന്നുമല്ല ഞാന്‍. പക്ഷേ അദ്ദേഹത്തെ മാതൃക ആക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ഒഴിവുവേളകളില്‍ കൊച്ചിയില്‍ ഷോപ്പിങ്ങിന്‌ ഇറങ്ങും. ഇഷ്‌ടമുള്ളത്‌ വാങ്ങും. ആരും ബുദ്ധിമുട്ടിക്കാറില്ല.ചോദ്യം:ടീമില്‍ ശ്രീശാന്തിന്‌ നല്ല സ്വീകാര്യതയാണെന്ന്‌ കേട്ടു.ശ്രീശാന്ത്‌:ചെറുപ്പത്തിലേ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിലും കൂട്ടുകൂടുന്നതിലും ഞാന്‍ മടിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ റൈന, ധോനി, കൈഫ്‌ എന്നിവരെല്ലാം ഉറ്റ സുഹൃത്തുക്കളാണ്‌. രാഹുല്‍ഭായിപോലും അടുത്ത ബന്ധം പുലര്‍ത്തുന്നു.ചോദ്യം:ക്യാപ്‌റ്റന്റെ പിന്തുണ?ശ്രീശാന്ത്‌:വേണ്ടത്രയുണ്ട്‌. അത്‌ ഏറെ നിര്‍ണായകമാണ്‌. വെസ്റ്റീന്‍ഡീസ്‌ പര്യടനം കഴിഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ രാഹുല്‍ഭായി പറഞ്ഞു. `ശ്രീ, ഏറെ ദൂരം ഇനിയും മുന്നോട്ടു പോവാന്‍ കഴിയും. കഠിനാധ്വാനം ചെയ്യുക. ടീമിന്റെ വിജയത്തിനായി സ്വയം മെച്ചപ്പെടുത്തുക.' അതിനപ്പുറം ഒരു ക്യാപ്‌റ്റനില്‍ നിന്ന്‌ നമ്മള്‍ക്കെന്താണ്‌ വേണ്ടത്‌.ചോദ്യം:ശ്രീ രണ്ടു കാലിലും വ്യത്യസ്‌ത വലുപ്പമുള്ള ഷൂ ആണ്‌ ഉപയോഗിക്കുന്നത്‌.ശ്രീശാന്ത്‌:എന്റെ കാലുകള്‍ നോക്കൂ (കുനിഞ്ഞ്‌ കാലുകള്‍ അടുത്ത്‌ വെച്ച്‌ കാണിച്ചു തന്നു. ഇടത്‌ പാദം അല്‍പം വലുത്‌.) എം.ആര്‍.എഫില്‍ ചെന്നത്‌ മുതല്‍ ഇങ്ങനെ ആണ്‌. വലതുകാലിന്‌ 11 ഇഞ്ചും ഇടത്‌ കാലിന്‌ 12 ഇഞ്ചും സൈസ്‌ ഷൂ ഉപയോഗിക്കുന്നു. ഒരു പെയറിനു പകരം രണ്ടു പെയര്‍ വാങ്ങും. പിന്നെ ബൗളിങ്ങിന്റെ ഫോളോത്രൂവില്‍ ഇടത്‌കാലിന്‌ അല്‍പ്പംകൂടി ബലം കൊടുക്കണം. ഈ പ്രഷര്‍ താങ്ങുന്നതിന്‌ വേണ്ടി ഇടത്‌ ഷൂവില്‍ ഒരു സോള്‍ അധികം ഉപയോഗിക്കും. പലരും ഇടതു ഷൂവിന്റെ മുന്‍ഭാഗം തുരന്ന്‌ ഓട്ടയുണ്ടാക്കും. ഞാനതിന്‌ പകരം ഒരു എക്‌സ്‌ട്രാ സോള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ നൈക്കി പ്രത്യേകം ഷൂ ഡിസൈന്‍ ചെയ്‌ത്‌ തരുന്നു.

Tuesday, March 20, 2007

വഞ്ചിതനായ ആചാര്യന്‍


നാല്‌ മാസം മുമ്പാണ്‌, ഐ സി സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട്‌ മല്‍സരങ്ങള്‍ മൊഹാലിയില്‍ നടക്കുന്നു. പാകിസ്ഥാന്‍ ടീമിന്റെ ആദ്യ പോരാട്ടം ശ്രീലങ്കക്കെതിരെയാണ്‌. തലേദിവസം രാവിലെ സ്‌റ്റേഡിയത്തിലെ മീഡിയാ റൂമില്‍ ഇരു ടീമുകളുടെ സാധ്യതയെക്കുറിച്ച്‌ ചൂടുപിടിച്ച ചര്‍ച്ച. അതിനിടയിലാണ്‌ പാകിസ്‌താനില്‍ നിന്ന്‌ വന്ന ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ടര്‍ കമ്രാന്‍ ബഹളമുണ്ടാക്കിക്കൊണ്ട്‌ വന്നത്‌. കമ്രാന്‍ ഉച്ചത്തില്‍ പറഞ്ഞു, "സുഹൃത്തുക്കളേ, ഇതാ ചൂടുള്ള വാര്‍ത്ത- പാകിസ്‌താന്‍ ടീമിലെ രണ്ട്‌ പേര്‍ ഉത്തേജക മരുന്നടിച്ച്‌ പിടിക്കപ്പെട്ടിരിക്കുന്നു." കേട്ട എല്ലാവരും ശരിയ്‌ക്കും ഞെട്ടി. ആരാണവര്‍? എല്ലാവര്‍ക്കും അറിയണം. അധികം വൈകാതെ പാക്‌ ടീമിന്റെ ഔദ്യോഗിക അറിയിപ്പ്‌ വന്നു. ഫാസ്റ്റ്‌ ബൗളര്‍മാരായ ഷോയിബ്‌ അക്തറും മുഹമ്മദ്‌ ആസിഫുമാണ്‌ പിടിക്കപ്പെട്ടത്‌. രണ്ടു പേരെയും നാട്ടിലേയ്‌ക്ക്‌ തിരിച്ചയക്കുകയാണ്‌. ഏതാനും മിനിറ്റുകള്‍ക്കകം പാക്‌ ടീം കോച്ച്‌ ബോബ്‌ വൂമറും ക്യാപ്‌റ്റന്‍ യൂനുസ്‌ഖാനും പത്ര സമ്മേളനം നടത്തുമെന്നും അറിയിപ്പിലുണ്ട്‌. ഏല്ലാവരും താഴെ നിലയിലുള്ള ഹാളിലേയ്‌ക്ക്‌ കുതിക്കുന്നു. പലര്‍ക്കും അപ്പോഴും സംശയം-അവര്‍ വരുമോ, ഇപ്പോള്‍ അവര്‍ എന്ത്‌ പറയും? പക്ഷെ, അധികം കാത്തിരിക്കേണ്ടി വന്നില്ല. എല്ലാ പ്രതീക്ഷകളും തെറ്റിച്ച്‌ ചിരിക്കുന്ന മുഖവുമായി തന്നെ വൂമര്‍ എത്തി. പിന്നില്‍ അനുസരണയുള്ള കുട്ടിയെ പോലെ ക്യാപ്‌റ്റന്‍ ഖാനും.അവര്‍ ഡയസ്സില്‍ വന്നിരുന്നിട്ടും ആരും ഒന്നും ചോദിക്കുന്നില്ല. എല്ലാവരും ഷോക്കിലാണെന്നപോലെ. അത്‌ കണ്ട്‌ വുമര്‍ ചിരിച്ചുകൊണ്ട്‌ തന്നെ ചോദിക്കുന്നു, ആര്‍കകും ഒന്നും ചോദിക്കാനില്ലേ? അത്‌ കേട്ടപ്പോള്‍ പലര്‍ക്കും ജീവന്‍ വെച്ചു. ചോദ്യമുയര്‍ന്നു, "മിസ്‌റ്റര്‍ വുമര്‍ എന്താണ്‌, സംഭവിച്ചത്‌?" അപ്പോഴും വൂമര്‍ ചിരി വിട്ടിട്ടില്ല. "എവിടെ എന്ത്‌ സംഭവിച്ചു എന്നാണ്‌?" " ആരാണ്‌ ഉത്തേജക മരുന്ന്‌ പരിശോധനയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌?"അദ്ദേഹത്തിന്റെ മുഖത്ത്‌ ഗൗരവം പടര്‍ന്നു. "മറ്റാരുമല്ല, ഞാന്‍ തന്നെ."ആ മറുപടി കേട്ട്‌ പലരും ഞെട്ടിയെന്ന്‌ തോന്നി. സ്വന്തം ടീമിലുള്ളവരെ കുരുക്കാന്‍ കോച്ച്‌ തന്നെ മുന്‍കൈ എടുക്കുകയാണോ, അവരുടെ രക്തം വേള്‍ഡ്‌ ആന്റി ഡോപ്പിങ്‌ അതോറിറ്റിയുടെ ലാബില്‍ അയച്ച്‌ ടെസ്‌റ്റ്‌ ചെയ്യിക്കുന്നത്‌ സ്വന്തം കളിക്കാരെ കുരുക്കിലാക്കുകയല്ലേ?-ഈ മട്ടിലായി പിന്നെ ചോദ്യങ്ങള്‍. ്‌പ്പോള്‍ വൂമര്‍ തന്റെ നിലപാട്‌ അര്‍ത്ഥശങ്കക്കിയടയില്ലാത്ത വിധം വ്യക്തമാക്കി-"ഉത്തേജകമരുന്ന്‌ സ്‌പോര്‍ട്‌സിന്റെ, മനുഷ്യരാശിയുടെ, സംസ്‌ക്കാരത്തിന്റെ ശത്രുവാണ്‌. അത്‌ ആര്‌ നടത്തിയാലും അംഗീകരിക്കാന്‍ എനിക്കാവില്ല." അക്തറിനും ആസിഫിനും കളിയില്‍ നിന്ന്‌ വിലക്ക്‌ വന്നപ്പോള്‍ അത്‌ വൂമറിന്റെ അറിവോടെ നടന്ന ഗൂഡാലോചനയാണെന്ന്‌ വരെ ആരോപണമുണ്ടായി. പക്ഷെ ആസിഫും അക്തറുമില്ലെങ്കിലും ശ്രീലങ്കക്കെതിരെ തന്റെ ടീമിന്റെ ശക്തി ക്ഷയിക്കില്ലെന്നും മല്‍സരം ജയിക്കാനാവുമെന്നും വൂമര്‍ അന്ന്‌ പറഞ്ഞു. അടുത്ത ദിവസം ഗ്രൗണ്ടില്‍ സംഭവിച്ചതും അതുതന്നെ. മല്‍സരത്തിന്റെ തലേ ദിവസം ഇത്ര വലിയ തിരിച്ചടി നേരിട്ട ടീമിനെ 24 മണിക്കൂറിനുള്ളില്‍ തന്നെ നിര്‍ണായക മല്‍സരത്തില്‍ ജയം നേടാന്‍ പ്രാപ്‌തരാക്കുക എന്നത്‌ വൂമറിനെ പോലെ ദൃഡ ചിത്തനായ പരിശീലകന്‌ മാത്രം കഴിയുന്നതാണ്‌. പാക്‌ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക്‌ വൂമര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കള്‍ക്ക്‌ പോലും അംഗീകരിക്കാതെ വയ്യ. പാക്‌ ക്രിക്കറ്റിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്‌ നിരന്തരം പോരാടേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന്‌ ആരോപിച്ച്‌ അമ്പയര്‍ ഡാരല്‍ ഹെയര്‍ പാക്‌ ടീമിന്‌ പിഴചുമത്തുകയും ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്‌ത ഘട്ടത്തില്‍ ക്രിക്കറ്റ്‌ ലോകത്ത്‌ പാക്‌ ക്രിക്കറ്റിന്റെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടത്തില്‍ മുന്നില്‍ നിന്നത്‌ വൂമറായിരുന്നു. എന്നിട്ടും പാക്‌്‌ ക്രിക്കറ്റില്‍ നിന്ന്‌ കൂടുതലും കൈപ്പേറിയ അനുഭവങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായത്‌. ഷോയിബ്‌ അക്തര്‍ വൂമറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു വരെ ആരോപണമുണ്ടായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ധമായിരുന്നു വൂമറിന്‌ നേരിടേണ്ടി വന്നത്‌. ഡോപ്പിങ്ങിന്റ കാര്യത്തില്‍ എന്നപോലെ കായികരംഗത്തിന്റ ശരിയായ മഹത്വവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ശുദ്ധവാദിയായ ക്രിക്കറ്റ്‌ പരിശീലകനായിരുന്നു വൂമര്‍. പക്ഷെ, അദ്ദേഹത്തിന്‍ തന്റെ ശിഷ്യന്‍മാരില്‍ നിന്ന്‌ എന്നും മറിച്ചുള്ള അനുഭവമായിരുന്നു ഉണ്ടായത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീമിനെ ഇന്ന്‌ നാം കാണുന്ന രീതിയില്‍ മികച്ച പ്രൊഫഷണലുകളുടെ സംഘമാക്കി തീര്‍ത്തത്‌ വൂമറാണ്‌. പക്ഷെ താന്‍ വാര്‍ത്തെയുത്ത ടീമില്‍ നിന്ന്‌ തന്നെ അദ്ദേഹത്തിന്‌ ശക്തമായ തിരിച്ചടി കിട്ടി. ഹാന്‍സി ക്രോണ്യെയുടെ ടീം കോഴ വാങ്ങി ഗ്രൗണ്ടില്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന്‌ തെളിയിക്കപ്പെട്ടപ്പോള്‍ വൂമര്‍ തന്റെ ആദര്‍ശങ്ങള്‍ക്ക്‌ മേല്‍ കെട്ടിപ്പടുത്ത സാമ്രാജ്യമാണ്‌ തകര്‍ന്നുവീണത്‌. ദക്ഷിണാഫ്രിക്കന്‍ ടീമിന്റേയും ക്രോണ്യേയുടേയും ഈ പതനത്തില്‍ അദ്ദേഹം അത്യന്തം ദുഖിതനുമായിരുന്നു. ലോകക്രിക്കറ്റില്‍ ഒത്തുതീര്‍പ്പില്ലാത്ത പ്രൊഫഷണലിസത്തിന്റെ വിത്തുകള്‍ പാകിയ ക്യാപ്‌റ്റനും അകാലത്തില്‍ അപ്രതീക്ഷിതമായ ദുരന്തങ്ങളിലൂടെ മരണത്തെ പൂകിയെന്നതിനെ യാദൃശ്ചികം എന്ന ഒറ്ര വാക്കിലൂടെ വിശദീകരിക്കുന്നത്‌ എങ്ങിനെ?

1983-മൊഹീന്ദര്‍, 2007-സൗരവ്‌


1983-മൊഹീന്ദര്‍, 2007-സൗരവ്‌?സൗരവ്‌ ചണ്ഡീദാസ്‌ ഗാംഗുലി ഒരു ലോകകപ്പില്‍ കൂടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ ശരിക്കും ആഹ്ലാദം തോന്നുന്നു. ഇത്‌ ഭ്രഷ്ടനായവന്റെ പുനര്‍വാഴ്‌ച്ചയും ക്രൂശിതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമൊക്കെയാണ്‌. കേവലം ക്രിക്കറ്റിന്‌ അപ്പുറത്തേയ്‌ക്ക്‌ നീളുന്ന മാനങ്ങളും അര്‍ത്ഥങ്ങളുമെല്ലാം ഈ തിരിച്ചുവരവിനുണ്ട്‌. 2003ലെ ലോകകപ്പില്‍ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയെ ഫൈനലിലേയ്‌ക്ക്‌ നയിച്ച ക്യാപ്‌റ്റനായിരുന്നു, സൗരവ്‌. പക്ഷെ അതു കഴിഞ്ഞ്‌ രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ സൗരവിന്റെ ക്യാപ്‌റ്റന്‍സി തെറിച്ചു. വൈകാതെ ടീമില്‍ നിന്നും പുറത്തായി. ഈ 'നാടുകടത്തലിന്‌' കാരണം സൗരവിന്റെ ബാറ്റിങ്‌ ഫോം നഷ്ടമായി എന്നതിനുപരി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത്‌ സംഭവിച്ച അധികാരമാറ്റമാണെന്ന്‌ ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. അതങ്ങിനെയായിരുന്നുവെന്ന്‌ വിശ്വസിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്‌ താനും.ക്യാപ്‌റ്റനെന്ന നിലയില്‍ സൗരവിന്റെ റെക്കോഡ്‌ മോശമായപ്പോഴല്ല സൗരവില്‍ നിന്ന്‌ ക്യാപ്‌റ്റന്‍ സ്ഥാനം എടുത്തുമാറ്റിയത്‌. സാഥാനഭ്രഷ്ടനാക്കപ്പെടുമ്പോഴേക്കും ടെസ്‌റ്റിലും ഏകദിന മല്‍സരങ്ങളിവും ഇന്ത്യയെ ഏറ്റവും അധികം വിജയങ്ങളിലേയ്‌ക്ക്‌ നയിച്ച നായകന്‍ എന്ന റെക്കോഡ്‌ സൗരവ്‌ സ്വന്തമാക്കിയിരുന്നു. യുവതാരങ്ങളെ കണ്ടത്താനും അവരെ പ്രചോദിപ്പിക്കാനും കഴിയുന്ന മികച്ച നായകന്‍ എന്ന നിലയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. മുന്‍ഗാമികളെ അപേക്ഷിച്ച്‌ ടീമിനുള്ളില്‍ സമ്മതനുമായിരുന്നു. പിന്നീട്‌ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ കളിച്ച വിരലിലെണ്ണാവുന്ന മല്‍സരങ്ങളില്‍ ടീമിലെ ഏറ്റവും മോശം പ്രകടനമൊന്നുമായിരുന്നില്ല സൗരവിന്റേത്‌. പുറത്താക്കപ്പെടുന്നതിന്‌ തൊട്ട്‌ മുമ്പ്‌ കളിച്ച ടെസ്റ്റില്‍, പാകിസ്ഥാനെതിരെ കറാച്ചിയില്‍ സൗരവിന്റെ ബാറ്റിങ്‌ നല്ലകാലം കഴിഞ്ഞിട്ടില്ലെന്ന്‌ സൂചിപ്പിക്കുന്ന രീതിയിലായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ഒന്നടങ്കം പരാജയപ്പെടുകയും ഇന്ത്യ തോറ്റമ്പുകയും ചെയ്‌ത ഈ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആറാമനായി ബാറ്റുചെയ്യാനിറങ്ങിയ സൗരവ്‌ ഒറ്റയ്‌ക്ക്‌ പൊരുതി നിന്ന്‌ 37 റണ്‍സെടുത്ത്‌ പുറത്താവുകയായിരുന്നു. യുവരാജിന്‌ പിന്നില്‍ ആ ഇന്നിങ്‌സിലെ രണ്ടാമത്തെ ടോപ്‌ സ്‌കോററായിരുന്നു സൗരവ്‌. ആ സമയത്ത്‌ സൗരവ്‌ അത്ര മികച്ച ഫോമിലായിരുന്നില്ലെന്ന്‌ സമ്മതിക്കാം. പക്ഷെ വര്‍ഷങ്ങളോളം ടീമിന്റെ നെടുംതൂണായിരുന്ന ഒരു ബാറ്റ്‌സ്‌മാന്റെ ഫോം നഷ്ടമാകുന്ന സമയത്ത്‌ അയാളെ ടീമില്‍ നിന്ന്‌ പുറത്താക്കി അവശേഷിക്കുന്ന ആത്മ വിശ്വാസം നഷ്ടപ്പെടുത്തുകയോ, അതോ അയാളെ പരമാവധി പിന്തുണച്ച്‌ പഴയ ഫോം വീണ്ടെടുക്കാന്‍ സഹായിക്കുകയോ, ഏതാണ്‌ ശരി? മുമ്പ്‌ സച്ചിന്‍ തെണ്ടുല്‍ക്കറുടേയും ഇപ്പോള്‍ വീരേന്ദര്‍ സെവാഗിന്റേയും കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ആ രീതിയില്‍ പരമാവധി പിന്തുണ നല്‍കിയില്ലേ, പിന്നെ സൗരവിന്റെ കാര്യത്തില്‍ മാത്രമെന്തായിരുന്നു, മറ്റൊരു സമീപനം? കൊല്‍ക്കത്തക്കാരനായ ജഗ്‌മോഹന്‍ ഡാല്‍മിയ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത്‌ നിന്ന്‌ നീക്കപ്പെട്ട്‌ മുംബൈക്കാരനായ ശരദ്‌ പവാര്‍ വന്നതിന്റെ അനന്തരഫലമായിരുന്നു സൗരവിന്റെ പുറത്താകലെന്ന്‌ വിശ്വസിക്കാനുള്ള കാരണങ്ങളിലൊന്ന്‌ ഇതാണ്‌. ഒരു സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന്‌ ശേഷം അന്നത്തെ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മോറെ ആധികാരികമായി പ്രഖ്യാപിച്ചുകളഞ്ഞു-`ഇല്ല, സൗരവ്‌ തിരിച്ചുവരാന്‍ ഇനിയൊരു സാധ്യതയുമില്ല.` ടീമില്‍ നി്‌ന്ന്‌ പുറത്തായ ഒരു കളിക്കാരനെക്കുറിച്ച്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇങ്ങനെ തുറന്നടിക്കുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവില്ലാത്ത കാര്യമാണ്‌. മോറെയ്‌ക്ക്‌ ചില താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ അസ്സല്‍ സൂചനയല്ലായിരുന്നോ, ആ വാക്കുകള്‍? പക്ഷെ, എന്നിട്ടും സൗരവ്‌ തളര്‍ന്നില്ല. `ഞാന്‍ തിരിച്ചുവരും. അടുത്ത ലോകകപ്പില്‍ കളിക്കും.` അതായിരുന്നു സൗരവ്‌ അന്ന്‌ പറഞ്ഞത്‌. ഇപ്പോള്‍ സംഭവിച്ചതും അതുതന്നെ. ടീമില്‍ തിരിച്ചെത്തണം, ഒരു ലോകകപ്പ്‌ കൂടി കളിക്കണമെന്ന വാശിയോടെ പ്രതികൂല സാഹചര്യങ്ങളിലും പൊരുതുകയായിരുന്നു, 'മഹാരാജ'. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച പോരാളിയെന്ന്‌ സൗരവ്‌ വിലയിരുത്തപ്പെടാന്‍ പ്രധാന കാരണം ഈ വാശി തന്നെയല്ലേ? നാലു വര്‍ഷം മുമ്പ്‌ സൗരവിന്റെ ജീവചരിത്രമെഴുതുക എന്ന ഉദ്ദ്യേശത്തോടെ കൊല്‍ക്കത്തയിലെ വീട്ടില്‍ ചെന്നത്‌ ഓര്‍ക്കുന്നു. തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ സൗരവ്‌ പറഞ്ഞു. `എന്നെക്കൊണ്ട്‌ ഒരു കാര്യം ചെയ്യിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്‌. എന്നെക്കൊണ്ട്‌ അത്‌ സാധിക്കില്ലെന്ന്‌ പറഞ്ഞാല്‍ മതി.` ഇതേ കാര്യം സൗരവിനെക്കുറിച്ച്‌ അച്ഛന്‍ ചണ്ഡീദാസും സഹോദരന്‍ സ്‌നേഹാശിഷും പറഞ്ഞപ്പോള്‍ കൗതുകം തോന്നിയിരുന്നു. ആ കൗതുകം അദ്‌ഭുതവും ആദരവുമായി പരിണമിക്കുന്നത്‌ ഇപ്പോഴാണ്‌.ടീമില്‍ നിന്ന്‌ പുറത്തായപ്പോള്‍ സൗരവിന്റെ കടുത്ത ആരാധകര്‍ പോലും ചോദിച്ചിരുന്നു-സൗരവ്‌ എന്തിനിങ്ങനെ നാണം കെടാന്‍ നിന്ന്‌ കൊടുക്കുന്നു, ഇപ്പോള്‍ വിരമിക്കുന്നതല്ലേ നല്ലത്‌? പക്ഷെ സൗരവ്‌ മറിച്ചാണ്‌ കരുതിയത്‌. തോറ്റുപിന്‍മാറുകയല്ല, പൊരുതി വീണ്ടെടുക്കണം-അതാണ്‌ പോരാളിയുടെ ധര്‍മം. സൗരവിന്‌ കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു അത്‌. കൂടുതല്‍ മികച്ച ബാറ്റ്‌സ്‌മാനായാണ്‌ സൗരവ്‌ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്‌. ഷോട്ട്‌പിച്ച്‌ ബൗണ്‍സറുകള്‍ കളിക്കാനാവുന്നില്ലെന്ന സ്ഥിരം ദൗര്‍ബല്യത്തിന്‌ പരിഹാരം കണ്ടെത്തി. പന്ത്‌ പോവുന്ന വഴിക്ക്‌ ബാറ്റ്‌ വീശുന്നതിന്‌ പകരം, ശരീരം പന്തിനോടടുപ്പിച്ച്‌, കൂടുതല്‍ നിയന്ത്രണത്തോടെ ബാറ്റ്‌ വെയ്‌ക്കുന്നു. ബാക്ക്‌ലിഫ്‌റ്റും ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഒരു ബാറ്റ്‌സ്‌മാന്‍ ഇങ്ങനെ ബാറ്റിങ്‌ ടെക്‌നിക്കുകളില്‍ കാതലായ മാറ്റം വരുത്തിതിരിച്ചെത്തുന്നത്‌ ക്രിക്കറ്റില്‍ അപൂര്‍വമാണ്‌. ഫിറ്റ്‌നസ്സിലും, അതുവഴി ഫീല്‍ഡിങ്ങിലും സൗരവ്‌ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായി ഇതിനെ വിലയിരുത്തപ്പെടുന്നതും അതുകൊണ്ട്‌ തന്നെ. തന്റെ കരിയറിലുടനീളം ക്രിക്കറ്റ്‌ ഭരണാധികാരികളോട്‌ സമരം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു കളിക്കാരന്‍ നമുക്കുണ്ടായിരുന്നു. ഓരോ തവണ ടീമില്‍ നിന്ന്‌ പുറത്താകുമ്പോഴും സമരം ചെയ്‌ത്‌ ടീമില്‍ തിരിച്ചെത്തിയ മൊഹീന്ദര്‍ അമര്‍നാഥ്‌. 83-ല്‍ ഇന്ത്യ ലോകകപ്പ്‌ നേടിയപ്പോള്‍ അതില്‍ ഏറ്റവും വലിയ സംഭാവന മൊഹീന്ദറിന്റേതായിരുന്നു. സെമിയിലും ഫൈനലിലും മാന്‍ ഓഫ്‌ ദ മാച്ച്‌ മറ്റാരുമായിരുന്നില്ല. അതു പോലെ സൗരവ്‌ എന്ന പോരാളിക്ക്‌ ഈ ലോകകപ്പ്‌ തന്റേതാക്കി മാറ്റാന്‍ കഴിയുമോ? കമോണ്‍ സൗരവ്‌...